ടി പ്രിയാ മണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ രം​ഗത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി താരം രം​ഗത്ത്. താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ആയിഷയുടെ ആരോപണം

എന്നാൽ മുസ്തഫയും താനും തമ്മിലുള്ള ബന്ധം സുരക്ഷിതമാണെന്ന് പ്രിയ ബോളിവുഡ് ​ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ‌ പ്രതികരിച്ചു. 

"ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോൽ.  ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങൾ ചോദിക്കുകയാണെങ്കിൽ, ഇതുവരെ, ഞങ്ങളുടെ ബന്ധത്തിൽ ഞങ്ങൾ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോൾ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങൾ പരസ്പരം സംസാരിക്കുമെന്നത് തീർച്ചപ്പെടുത്തിയതാണ്. എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹ​വുമതേ ഫ്രീ ആകുമ്പോൾ‌ എന്നെ വിളിക്കും അല്ലെങ്കിൽ സന്ദേശങ്ങൾ അയക്കും. ഷൂട്ടിങ്ങ് തിരക്കുകൾ ഒഴിയുമ്പോൾ ഞാനും. ബന്ധങ്ങളിൽ ആശയവിനിമയം വളരെ പ്രധാനമാണ്. ഒരാൾ ക്ഷീണിതനാണെങ്കിൽ അയാളെക്കുറിച്ച് അന്വേഷിക്കാൻ ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. ഞങ്ങൾ വളരെ സുരക്ഷിതരാണ്, പരസ്പരം സംസാരിക്കുന്നത് ഞങ്ങൾ ഒരു ദിനചര്യയാക്കി മാറ്റുന്നു, അതാണ് എല്ലാ ബന്ധങ്ങളുടെയും താക്കോൽ.." പ്രിയ പറയുന്നു. 

ഇക്കഴിഞ്ഞ ദിവസമാണ് മുസ്തഫയും താനും വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആരോപിച്ച് ആയിഷ രം​ഗത്തെത്തിയത്. വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ച്ലര്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പറയുന്നു.

മുസ്തഫ-ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ആയിഷയ്ക്ക് ഒപ്പമാണ്. മുസ്തഫക്കെതിരെ ഗാര്‍ഹിക പീഡന പരാതിയും ആഷിയ നല്‍കിയിട്ടുണ്ട്.

തനിക്കെതിരേയുള്ള ഗാര്‍ഹിക പീഡന ആരോപണം വ്യാജമാണെന്നും താന്‍ കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും ദേശീയ മാധ്യമത്തോട് മുസ്തഫ പറഞ്ഞു.

2017-ലാണ് മുസ്തഫയും പ്രിയാമണിയും തമ്മിലുള്ളവിവാഹം നടന്നത്. ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

Content Highlights: Priyamani On Her Relationship With Husband Mustafa Raj After Allegations By His First Wife