രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ച്ച് നടി പ്രിയാമണി. ചിത്രത്തിലെ 1,2,3,4 എന്ന പാട്ടിലാണ് പ്രിയാമണി അതിഥിതാരമായി എത്തിയത്. ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന്‍ തനിക്ക് 300 രൂപ തന്നുവെന്നും അത് താന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും പ്രിയാമണി പറയുന്നു. 

''ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ തന്റെ നേട്ടത്തിന്റെ അഹന്തയൊന്നും അദ്ദേഹത്തില്‍ ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്.

ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്.'' പ്രിയാമണി പറയുന്നു.

പ്രിയാമണി അഭിനയിച്ച ഫാമിലി മാന്‍ സീസണ്‍ 2 മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലാണ് സീരീസ് റിലീസ് ചെയ്തത്. മനോജ് ബാജ്‌പേയി, സാമന്ത അകിനേനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സീരീസിന് മൂന്നാം ഭാഗവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Content Highlights: Priyamani about Shahrukh Khan Chennai express song, Shah Rukh Khan once gave her Rs 300