ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയിരിക്കുകയാണ് പ്രിയാമണി. സീരീസിലെ സുചിത്ര എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് പ്രിയാമണി അവതരിപ്പിച്ചിരിക്കുന്നത്. മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ താന്‍ ബോഡി ഷെയ്മിങ്ങിന് ഇരയാകാറുണ്ടെന്ന് തുറന്ന് പറയുകയാണ് പ്രിയാമണിയിപ്പോള്‍. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 

''എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍. 'നിങ്ങള്‍ തടിച്ചിരിക്കുന്നു' എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. 'തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം' എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഇവര്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. അതുകൊണ്ടെന്നാണ് കുഴപ്പം. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും. 

എന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും. നിങ്ങള്‍ കറുത്തിരിക്കുന്നു. കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ''- പ്രിയാമണി പറയുന്നു.

Content Highlights: Priyamani abot body shaming on Social Media, The Family Man 2