മരക്കാരെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിദായകൻ പ്രിയദർശൻ. ചിത്രത്തിന്റെ വ്യാജപ്പതിപ്പുകൾ കാണുന്നതും കാണാൻ പ്രേരിപ്പിക്കുന്നതും നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്നും പ്രിയദർശൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

"ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകർ 'മരക്കാർ, അറബിക്കടലിന്റെ സിംഹം'
എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിർത്തികൾ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതൽ സിനിമകൾ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യർഥിക്കുന്നു. ചിത്രത്തിന്റെ വ്യാജപ്പതിപ്പുകൾ കാണുകയോ, കാണാൻ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. നന്ദി".പ്രിയദർശൻ  കുറിച്ചു

ഡിസംബർ 2നാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശനത്തിനെത്തിയത്. റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 631 സ്‌ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. 

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാർ തീയേറ്ററുകളിലെത്തിയത്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, സുഹാസിനി, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഫാസിൽ, പ്രഭു, ഇന്നസെന്റ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. പോയവർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. 

content Highlights : Priyadarshan Thanks audience after Marakkar release Mohanlal Marakkar movie collection