പത്രസമ്മേളനത്തിൽ നിന്ന്
ബാഹുബലിയല്ല മരയ്ക്കാർ എന്ന് സംവിധായകൻ പ്രിയദർശൻ. ബാഹുബലി ഒരു ഫാന്റസി സിനിമയാണ്. അവിടെ എന്തു വേണമെങ്കിലും കാണിക്കാം. എന്നാൽ മരയ്ക്കാർ ഒരു ചരിത്ര സിനിമയാണ്. അവിടെ എടുക്കുന്ന സ്വാതന്ത്ര്യത്തിന് പരിമിതിയുണ്ട്. വിശ്വസനീയമായ കാര്യങ്ങളേ അവതരിപ്പിക്കാനാകൂ. ഇത് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പ്രേക്ഷകർക്ക് തോന്നണം. അതേസമയം, ബാഹുബലി പോലെ വലിയ ക്യാൻവാസിൽ കഥപറയുന്ന ചിത്രമാണ് മരയ്ക്കാറെന്നും ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംവിധായകൻ പറഞ്ഞു.
കുഞ്ഞാലി മരയ്ക്കാറെ തന്റേതായ രീതിയിൽ കാണുന്ന ചിത്രമായിരിക്കും ഇതെന്നും പ്രിയദർശൻ വ്യക്തമാക്കി. ഇത് പ്രിയദർശന്റെ കുഞ്ഞാലി മരയ്ക്കാറാണ്. ബ്രിട്ടീഷുകാർ കടൽക്കൊള്ളക്കാരനായി മാത്രം അവതരിപ്പിച്ച വീരനായകന്റെ യഥാർത്ഥ കഥ പറയാനുള്ള ശ്രമം. എന്നാൽ, ചരിത്രത്തിൽ ഒരുപാട് അവ്യക്തതകളുണ്ട്. അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ലഭ്യമല്ല. എങ്കിലും മരയ്ക്കാറിന്റെ ജീവിതത്തോട് പരമാവധി നീതിപുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ആരെയും വേദനിപ്പിക്കുന്ന ഒരു കാര്യവും ഈ സിനിമയിൽ ചെയ്തിട്ടില്ല. മരയ്ക്കാർ ഒരു എന്റർടെയ്നറാണ്. ആ രീതിയിൽ സിനിമയെ സമീപിക്കണമെന്നാണ് പ്രേക്ഷകരോട് അപേക്ഷിക്കാനുള്ളത്.
'ചിത്ര'ത്തിനു ശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന സിനിമ
രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം മരയ്ക്കാർ റിലീസാകുമ്പോൾ ആശങ്കകളൊന്നുമില്ല. പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കുമെന്നാണ് എന്റെ വിശ്വാസം. സാധാരണ സിനിമ റിലീസാകുമ്പോൾ എനിക്ക് വലിയ ടെൻഷനുണ്ടാകാറുണ്ട്. കിലുക്കം പോലുള്ള സൂപ്പർഹിറ്റുകൾ പോലും റിലീസാകുന്ന സമയത്തുപോലും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ ആശങ്കകൾ ഉണ്ടായിരുന്നു. ആ ഭയമില്ലാതെ ഞാൻ റിലീസ് ചെയ്ത ഏകചിത്രം 'ചിത്രം' ആണ്. അതിനുശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന ചിത്രമാണ് മരയ്ക്കാർ.
Content Highlights : Priyadarshan On Marakkar Release, mohanlal Priyadarshan Movie chithram, Marakkar Is Not Bahubali says Priyadarshan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..