'ഹേര ഫേരി' സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ഫിറോസ് എ നാദിയാവാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാള ചിത്രം 'റാം ജി റാവു സ്പീക്കിങ്ങി'ന്റെ റീമേക്കായിരുന്നു 'ഹേര ഫേരി'. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് പ്രിയദര്‍ശന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയദര്‍ശനെ വിമര്‍ശിച്ച് നാദിയാവാല രംഗത്ത് രംഗത്ത് എത്തിയത്. ആദ്യഭാഗം സിനിമ പൂര്‍ത്തിയാക്കാത്ത അദ്ദേഹം എങ്ങനെയാണ് രണ്ടാം ഭാഗവും വരാനിരിക്കുന്ന മൂന്നാംഭാഗവും നിരസിച്ചുവെന്ന് പറയുക എന്നാണ് നിര്‍മാതാവ് പറഞ്ഞത്. തുടര്‍ന്നാണ് പ്രിയദര്‍ശന്റെ പ്രതികരണം.

'ഇരുപത് വര്‍ഷം മുന്‍പുളള സംഭവമാണ് ഇത്. എന്തിനാണ് ഇത് ഇപ്പോള്‍ സംസാരിക്കുന്നതെന്നറിയില്ല. ഞാന്‍ ആ സിനിമയ്ക്ക് ശേഷവും ബോളിവുഡില്‍ ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ എന്റെ കരിയറിലെ 95ാം സിനിമയാണ് ചെയ്തിരിക്കുകയാണ്. ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം  ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവുമായിരുന്നില്ല', പ്രിയദര്‍ശന്‍ പറഞ്ഞു.

'ഹേരാ ഫേരി' ചെയ്യുന്നതില്‍ നിന്ന് അക്ഷയ് കുമാറിനെയും മറ്റു താരങ്ങളെയും പ്രിയദര്‍ശന്‍ പിന്തിരിപ്പിച്ചുവെന്നും നിര്‍മാതാവ് ആരോപിച്ചു. ഇതിനും പ്രിയദര്‍ശന്‍ മറുപടിയുമായി രംഗത്തെത്തി.

ഈ താരങ്ങള്‍ക്കൊപ്പം ഞാന്‍ പിന്നീടും സിനിമ ചെയ്തിട്ടുണ്ട്. എനിക്കിതെങ്ങനെ സാധിക്കും. ഞാനും ഒരു ചെറിയ തെക്കേ ഇന്ത്യന്‍ സംവിധായകന്‍. എനിക്ക് ബോളിവുഡില്‍ സ്വാധീനമില്ല- പ്രിയദര്‍ശന്‍ പറഞ്ഞു.

വിഷാദ രംഗങ്ങള്‍ ഒരുപാടുളള സിനിമയാണ് നിര്‍മിച്ചതെന്ന ആരോപണത്തോടും പ്രിയദര്‍ശന്‍ പ്രതികരിച്ചു. 

'റാംജി റാവു' എന്ന ചിത്രത്തിന്റെ റീമേക്കാണ് ആ സിനിമ. അത് ഫ്രെയിം ബൈ ഫ്രെയിമാണ് എടുത്തത്. അപ്പോ എങ്ങനെയാണ് ഞാന്‍ വിഷാദ രംഗങ്ങളുളള സിനിമ എടുത്തതെന്ന് പറയാനാവുക. ഒറിജിനല്‍ സിനിമ സൂപ്പര്‍ ഹിറ്റാണ്. അതുകൊണ്ടാണ് ഹിന്ദി റീമേക്ക് ഒരുക്കിയത്. ഞാന്‍ ഈ സിനിമയെ കുറിച്ച് ആരോടും ഒന്നും പറഞ്ഞിട്ടില്ല. അടുത്തിടെ ഞാന്‍ മൂന്നം ഭാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പറഞ്ഞത്- പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

Content Highlights: Priyadarshan hits back at Hera Pheri producer Firoz Nadiadwala allegations