മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ലൂസിഫര്‍ തിയേറ്ററില്‍ ഓളം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

ലൂസിഫര്‍ മലയാളത്തിലെ മികച്ച മാസ് സിനിമകളില്‍ ഒന്നാണെന്നും ലാലുവിനും പൃഥ്വിരാജിനും മുരളി ഗോപിക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും പ്രിയദര്‍ശന്‍ കുറിച്ചു. ഇത് ഒരു പുരസ്കാരമാണെന്നും താനൊരു സംവിധായകൻ ആയതിന് താങ്കളും ഒരു കാരണമാണെന്നും പ്രിയദർശൻറെ ആശംസയ്ക്ക് മറുപടിയായി പൃഥ്വി കുറിച്ചു. 

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം ചിത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത് 12 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Lucifer

ഒരു ഫാന്‍ ബോയ് ആയ താന്‍ എങ്ങനെയാണോ മോഹന്‍ലാല്‍ എന്ന നടനെ വെള്ളിത്തിരയില്‍ കാണാന്‍ ആഗ്രഹിച്ചത് അതുപോലെയാണ് ലൂസിഫറില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവിനോ, ഇന്ദ്രജിത്, വിവേക് ഒബ്റോയ്, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.  

Content Highlights : Priyadarshan Congratulates Lucifer Team Mohanlal Prithviraj Murali Gopi Manju Indrajith Lucifer