പ്രിയദര്‍ശന്‍ താന്‍ ഏറെ ബഹുമാനിക്കുന്ന സംവിധായകനാണെന്ന് അക്ഷയ് കുമാര്‍. പുതിയ ചിത്രമായ ജോളി എല്‍ എല്‍ ബി 2 വിന്റെ പ്രചരണാർഥം ദുബായില്‍ എത്തിയ അക്ഷയ് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍ സാറിനെപ്പോലെ ഒരു സംവിധായകന്‍ ലോകത്തില്‍ വേറെയില്ല. അദ്ദേഹത്തിന്റെ 74 ചിത്രങ്ങളില്‍ 69 എണ്ണവും സൂപ്പര്‍ ഹിറ്റായിരുന്നു. എനിക്കദ്ദേഹത്തെ നന്നായി അറിയാം. പ്രിയദര്‍ശന്‍ സാര്‍ വിളിക്കുകയാണെങ്കില്‍ ഞാന്‍ മലയാളത്തിലെ ലോ ബജറ്റ് ചിത്രത്തില്‍ പോലും അഭിനയിക്കും. ഇപ്പോള്‍ ഞാന്‍ ഒരു തമിഴ് ചിത്രം ചെയ്യുന്നുണ്ട്. ഭാഷ എനിക്ക് പ്രശ്‌നമല്ല.

മലയാള സിനിമ ഇഷ്ടമാണെന്നും തന്നെ അതിശയിപ്പിച്ചിട്ടുണ്ട്-അക്ഷയ് പറഞ്ഞു.

മലയാളം ഇന്റലക്ച്വല്‍ സിനിമാ ലോകമാണ്. എന്റെ ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്തവയാണ്. ഞാന്‍ മലയാള ചിത്രങ്ങള്‍ കാണാറുണ്ട്- അക്ഷയ് കൂട്ടിച്ചേര്‍ത്തു.