പ്രിയദര്‍ശന്‍ സംവിധായകനായി മുന്നിലെത്തിയപ്പോള്‍ കിലുക്കത്തിലെ കിട്ടുണ്ണിയും ഹേരാ ഫേരിയിലെ ബാബു ഭയ്യയും രാഷ്ട്രീയം മാറ്റിവെച്ച് അഭിനയിച്ച് തകര്‍ത്തു. പാര്‍ലമെന്റില്‍ ഇരുചേരികളിലായി പടവെട്ടുന്ന എം.പിമാരായ ഇന്നസെന്റും പരേഷ് റാവലുമാണ് രാഷ്ട്രീയം മറന്ന് പ്രിയദര്‍ശന് വേണ്ടി ഒന്നിച്ചത്.

ഇരുവരും ക്യാമറയ്ക്കുമുന്നില്‍ ചേര്‍ന്നുനിന്നപ്പോള്‍ അത് രാഷ്ട്രീയം വേറെ കല വേറെ എന്ന വിളിച്ചുപറയലായി. അഹമ്മദാബാദ് ഈസ്റ്റില്‍നിന്നുള്ള ബി.ജെ.പി. എം.പി.യാണ് പരേഷ് റാവല്‍. ചാലക്കുടിയില്‍ നിന്നുള്ള ഇടതുപക്ഷ എം.പിയാണ് ഇന്നസെന്റ്. ഐ.പി.എല്ലിനുവേണ്ടിയാണ് പ്രിയദര്‍ശന്‍ ഈ പരസ്യചിത്രം സംവിധാനം ചെയ്യുന്നത്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം 12 ഭാഷയിലാണ് ചിത്രീകരിക്കുക. പരേഷ് റാവലാണ് നായകന്‍. ഓരോ ഭാഷയിലും അതത് ഭാഷയിലെ നടന്മാരാണ് പരേഷ് റാവലിനൊപ്പം പ്രത്യക്ഷപ്പെടുക. തെലുങ്കില്‍നിന്ന് ശ്രീറാം, കന്നഡയില്‍നിന്ന് രവിശങ്കര്‍, തമിഴില്‍നിന്ന് ഭാസ്‌കര്‍ തുടങ്ങി പ്രമുഖ നടന്മാരാണ് അഭിനയിക്കുന്നത്.

ഇന്നസെന്റും പരേഷ് റാവലും ഇതിനുമുമ്പ് രണ്ടു പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'മാലാമല്‍ വീക്കിലി'യിലും 'ഡോളി സജാ കെ രഖ്ന'യിലും.