സിനിമയിലെ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കോമഡിയാണെന്നു തോന്നിയിട്ടില്ലെന്നും അത്തരത്തിലൊരു തിരക്കഥ എഴുതാനും തന്നെക്കൊണ്ടാവില്ലെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂവിന്‌ നല്‍കിയ അഭിമുഖത്തിനിടെയാണ് സംവിധായകന്‍ ഇത് പറഞ്ഞത്.

ഒരു കുട്ടി അവന്റെ/ അവളുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് സിനിമ കാണുമ്പോള്‍ സിനിമയിലെ രംഗങ്ങള്‍ കണ്ട് ആ അച്ഛനുമമ്മയും ഒരിക്കലും നാണം കെടരുത് എന്നു തോന്നാറുണ്ടെന്ന് സംവിധായകന്‍ പറയുന്നു. അതാണ് ഹ്യൂമര്‍ എന്നു വിശ്വസിക്കുന്നു. 'എല്ലാവരുടെയും മനസില്‍ ഒരു കുട്ടിയുണ്ട്. ആ കുട്ടിയ്ക്കു വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത്. എന്റെ സിനിമകള്‍ ഉദാത്തമായവയാണ് എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. കാണാന്‍ ചിലത് രസകരമായിരിക്കം, ചിലത് മോശമായിട്ടുണ്ടാവും. ചെയ്ത സിനിമകളെല്ലാം വിജയകരമാക്കിയ ആരും ഈ ലോകത്തില്ല. ചില സിനിമകള്‍ ചെയ്യേണ്ടി വരുന്ന മാനസികാവസ്ഥ, ചുറ്റുപാടുകള്‍, അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ചിലത് മോശമായിപ്പോകും. എങ്കിലും സിനിമ ചെയ്യുമ്പോള്‍ രസിച്ചു ചെയ്യണമെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.'

തന്റെ സിനിമകളിലെ കോമഡിരംഗങ്ങളുടെ ഒഴുക്കിനെക്കുറിച്ചും പ്രിയദര്‍ശന്‍ വാചാലനായി.  'പണ്ടേ പറയുന്നതാണ്. സിനിമയില്‍ കൊമേഡിയന്‍മാരെ അവരുടെ ഇഷ്ടമനുസരിച്ച് കോമഡി രംഗങ്ങള്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്നൊക്കെ. എനിക്കതില്‍ യോജിപ്പില്ല. അതു കുഴപ്പമാണ്. കിലുക്കം പോലെയുള്ള ചില സിനിമകള്‍ കണ്ടാല്‍ കൃത്യമായ തിരക്കഥ അനുസരിച്ച് മുമ്പോട്ടു പോകന്നവയല്ലെന്നു തോന്നുമെങ്കിലും അത് എഴുതിയതു തന്നെയാണ്. ഇതാണ് അതിര്. ഇതേ പറയാവൂ എന്നു പറഞ്ഞ് അവര്‍ക്ക് തിരക്കഥയിലെ ഭാഗങ്ങള്‍ കാണിച്ചു കൊടുക്കണം. കിലുക്കത്തിലെ കോമഡി സീനുകളെല്ലാം എഴുതിയതു തന്നെയാണ്. ഒരക്ഷരം പോലും മാറ്റിയിട്ടില്ല. സീനുകള്‍ എഴുതിക്കൊടുത്ത് അത് തന്നെ പറയണമെന്ന് അഭിനേതാക്കലോട് പറയും. പിന്നെയുള്ളതെല്ലാം അവരുടെ പെര്‍ഫോമന്‍സാണ്. കിലുക്കത്തിലെ തമാശാരംഗങ്ങളില്‍ മോഹന്‍ലാലിന്റെയും ജഗതിയുടെയുമെല്ലാം ടൈമിങാണ് അതിലെ ഹൈലൈറ്റ്. എഴുതപ്പെട്ട സീനാണെങ്കില്‍ പോലും അവരുടെ പ്രകടനം കണ്ട് കട്ട് പറയാന്‍ മറന്നു പോയിട്ടുണ്ട്.'

അതേസമയം സിനിമ പഠിച്ചല്ല, മറിച്ച് ധാരാളം സിനിമകള്‍ കണ്ടാണ് സംവിധായകനായതെന്നും പ്രിയദര്‍ശന്‍ പറയുന്നു. തന്റെ സിനിമകള്‍ക്ക് യുക്തിവിചാരങ്ങളൊന്നും തന്നെയില്ലെന്നും ഒരു പോക്കാണെന്നും അതില്‍ രസം എന്ന ഘടകമുണ്ടോ എന്നേ ചിന്തിക്കാറുള്ളൂവെന്നും അദ്ദേഹം പറയുന്നു. വിദേശ സിനിമകളും സത്യജിത്ത് റേ പോലുള്ള സംവിധായകരുടെ ചിത്രങ്ങളും എല്ലാം കണ്ടുവളര്‍ന്നതിനാല്‍ ആ സിനികളുടെയൊക്കെ സ്വാധീനം തന്റെ വര്‍ക്കുകളില്‍ കാണാമെന്നും അദ്ദേഹം പറയുന്നു.

Content Highlights : Priyadarshan about his films, Kilukkam, Mohanlal, Jagathy Sreekumar