റ്റവും അവസാനം ഡെന്നീസ്‌ എന്നെ വിളിച്ചത്‌ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു. ഒരുപാട്‌ സമയം ഞങ്ങൾ സംസാരിച്ചു. കുഞ്ഞാലി മരയ്ക്കാറിൽ പ്രണവ്‌ മോഹൽലാലും എന്റെ മകൾ കല്യാണിയും ചേർന്ന്‌ അഭിനയിച്ച ഗാനരംഗം കണ്ടിട്ടായിരുന്നു അവൻ വിളിച്ചത്‌. അതിൽ കാർത്തിക്‌ പാടിയ തമിഴ്‌ വേർഷനാണ്‌ ഇഷ്ടപ്പെട്ടത്‌ എന്നും പറഞ്ഞു.

ഞാനും ഡെന്നീസും ചേർന്ന്‌ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ- ഗീതാഞ്ജലി. പക്ഷേ, സിനിമാജീവിതത്തിന്റെ തുടക്കംമുതൽ ഞങ്ങൾ ആത്മാർഥ സുഹൃത്തുക്കളായിരുന്നു. മദ്രാസിൽ ഒരേസമയം അവന്റെയും എന്റെയും സിനിമകളുടെ പോസ്റ്റ്‌ പ്രൊഡക്‌ഷൻ ജോലികൾ നടക്കുമ്പോൾ ഞങ്ങൾ പരസ്പരം പല ഭാഗങ്ങളും കണ്ട്‌ അഭിപ്രായങ്ങൾ പറയുമായിരുന്നു. ഭാരതിരാജയുടെ ഒരു സിനിമ കണ്ടിറങ്ങിയപ്പോഴാണ്‌ ഞാൻ എം.ജി. ശ്രീകുമാറിനെ ഡെന്നീസിന്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നത്‌. അന്ന്‌ ശ്രീക്കുട്ടൻ എന്റെ സിനിമയിലേ പാടിയിരുന്നുള്ളൂ. ആദ്യമായി, മറ്റൊരു സിനിമയിൽ പാടുന്നതിന്‌ കാരണക്കാരനായത്‌ ഡെന്നീസാണ്‌.

മലയാളത്തിലെ മോസ്റ്റ്‌ വാണ്ടഡ്‌ സ്‌ക്രിപ്‌റ്റ്‌ റൈറ്ററായിരുന്നു ഡെന്നീസ്‌. ഡെന്നീസ്‌ ജോസഫ്‌-ജോഷി എന്ന കൂട്ടുകെട്ട്‌ ഹിന്ദിയിലെ സലിം-ജാവേദ്‌ (സലിംഖാൻ-ജാവേദ്‌ അക്‌തർ) കൂട്ടുകെട്ടുപോലായിരുന്നു. ആ പേരുമാത്രം മതിയായിരുന്നു ജനങ്ങൾ തിയേറ്ററിലേക്ക്‌ ഇരച്ചുകയറാൻ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജീവിതത്തെ വഴിതിരിച്ചുവിട്ട തിരക്കഥകൾ ഡെന്നീസ്‌ ജോസഫാണ്‌ എഴുതിയത്‌. ന്യൂഡൽഹിയും രാജാവിന്റെ മകനും ഓർക്കുക. ഡെന്നീസ്‌ പെട്ടെന്ന്‌ പോയതറിയുമ്പോൾ എനിക്കിവിടെയിരുന്ന്‌ കരയാനേ സാധിക്കുന്നുള്ളൂ. ഏറ്റവും പ്രിയപ്പെട്ടവർ പോകുമ്പോഴാണ്‌ നാം തനിച്ചായതായി തോന്നുന്നത്‌. അപ്പോഴും അവരുടെ ശബ്ദം അവർ പറഞ്ഞ അവസാനവാക്കുകൾ ചെവിയിലും മനസ്സിലും ശേഷിക്കും.

Content Highlights: Priyadarshan about Dennis Joseph, Remembering Legendary script writer