രു അഡാര്‍ ലൗവ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പ്രിയ വാര്യര്‍ ഇപ്പോള്‍ ബോളിവുഡില്‍ തിരക്കിലാണ്. അതിനിടെയാണ് പഠനവുമായി മുന്നോട്ട് പോകുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യര്‍ഥിനിയാണ് താനെന്നും പഠനത്തിന് ശേഷം മാത്രമാണ് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്‍പര്യമെന്നും പ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കോളേജില്‍ ഇപ്പോള്‍ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഹാജരിനുള്ള മാര്‍ക്കും ലഭിക്കാറില്ല. കോളേജിലെ വിവിധ പരിപാടികള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത്- പ്രിയ പറഞ്ഞു.

അഭിനയത്തേക്കാള്‍ പഠനത്തില്‍ മിടുക്കിയാണ് താനെന്ന് അധ്യാപകര്‍ പറയാറുണ്ടെന്ന് പ്രിയ പറയുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തേ തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ച് അവരുടെ ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തക്കെതിരേ രംഗത്ത് വന്നിരുന്നു. 

ശ്രീദേവി എന്ന  ഒരു നടിയുടെ കഥയാണെന്ന് ശ്രീദേവി ബംഗ്ലാവിന്റെ പ്രമേയം. ചിത്രത്തിന്റെ ടീസര്‍ വന്നപ്പോള്‍ തന്നെ വിവാദം പൊട്ടിപ്പുറപ്പെട്ടു. കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു ഷോട്ടോടുകൂടിയാണ് ടീസര്‍ അവസാനിക്കുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാരണം ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലായിരുന്നു.

ക്രൈം ത്രില്ലറായ ലവ് ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ ഇപ്പോള്‍ അഭിനയിക്കുന്നു. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. 

Content Highlights: Priya Varrier about studies and acting, sridevi bungalow, movie, Bollywood debut