ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ സെറ്റില്‍ തുടങ്ങിയതാണ് പ്രിയ പി വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും തമ്മിലുള്ള സൗഹൃദം. റോഷന്റെ ജന്‍മദിനത്തില്‍ ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

'വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ്. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളില്‍ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. അത് ഒരോ അവസരത്തിലും നിന്നെ അപകടത്തിലാക്കിയിട്ടു പോലും. എനിക്ക് നിന്നെപ്പോലെയാകാന്‍ കഴിയുമോ എന്നറിയില്ല. എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം എന്നാഗ്രഹിക്കുകയാണ്. അത് വാക്കുകള്‍ക്ക് അതീതമാണെന്ന് നിനക്ക് തന്നെ അറിയാം. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു'- ഇതായിരുന്നു പ്രിയയുടെ കുറിപ്പ്.  

കുറിപ്പിന് മറുപടി നല്‍കിയ ആരാധകരില്‍ പലര്‍ക്കും അറിയേണ്ടത് റോഷനുമായി പ്രിയ പ്രണയത്തിലാണോ എന്നായിരുന്നു. ഒരു അഭിമുഖത്തില്‍ റോഷന് ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നു. താനും പ്രിയയും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലല്ലെന്നും റോഷന്‍ മറുപടി നല്‍കി.

അടുത്തിടെ സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റോഷനുമായി ചുറ്റിപ്പറ്റി പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് പ്രിയ മറുപടി നല്‍കി. 

ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതും സമപ്രായക്കാര്‍ക്കൊപ്പം സൗഹൃദം പങ്കിടുമ്പോള്‍ അത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിരിക്കും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകള്‍ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളൂ. ഞാന്‍ എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. പ്രിയ പറഞ്ഞു. 

പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും. സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ലൗവ് ഹാക്കേഴ്സ് എന്ന ഹിന്ദി ചിത്രത്തിലും പ്രിയ നായികയാകുന്നു. മായങ്ക് പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlights: priya varrier opens about to link up rumours with roshan abdul rahoof, oru adaar love costars, priya prakash warrier