ണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ സൈറ്റടി രംഗവും അതിന് പശ്ചാത്തലമായ മാണിക്യ മലരായ പൂവി എന്ന ഗാനവും ഹിറ്റ് ആയത്. ഒറ്റ രാത്രി കൊണ്ടാണ് ഗാനരംഗത്തിലെ നായിക പ്രിയ വാര്യര്‍ ഇന്റര്‍നെറ്റിൽ തരംഗമായതും. എന്നാല്‍ ഈ ഗാനത്തെ ചൊല്ലി പുലിവാല് പിടിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഗാനം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നുവെന്നും മതവികാരം വൃണപ്പെടുത്തുന്നുവെന്നും ആരോപിച്ച് സംവിധായകന്‍ ഒമര്‍ ലുലുവിനെയും നായിക പ്രിയ വാര്യരെയും പ്രതി ചേര്‍ത്ത് ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. 

ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് പ്രിയ. ഇതൊരു പ്രണയഗാനമല്ലെന്നും കേള്‍ക്കാന്‍ ഇമ്പമുള്ളതിനാലാണ് അതില്‍  പ്രണയം കടന്നു വരുന്നതെന്നും  പ്രിയ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

"മാണിക്യ മലരായ പൂവി ഒരു പ്രണയ ഗാനമല്ല. അത് മുസ്ലീം വീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ പാടുന്ന ഒരു പാട്ടാണ്. ഒരു പ്രണയ ഗാനമല്ലാതിരുന്നിട്ട് കൂടി കേള്‍ക്കാനുള്ള ഇമ്പമാണ് അതിനെ പ്രണയാതുരമാക്കുന്നത്."-പ്രിയ പറഞ്ഞു.

ഹൈദരാബാദ് പോലീസിലാണ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അബ്ദുള്‍ മുഖീതിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവാക്കള്‍  പാട്ടിനെതിരെ കേസ് നല്‍കിയത്. സംഭവം ഏറെ വിഷമമുണ്ടാക്കിയെന്നും അശ്ലീല രംഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും ഇത്തരം വിവാദം ഉണ്ടാക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു പ്രതികരിച്ചു.

തലശ്ശേരി കെ റഫീഖ് ആണ് മാണിക്യമലരായ പൂവി യഥാര്‍ത്ഥത്തില്‍ ചിട്ടപ്പെടുത്തിയത്. ഒരു അഡാര്‍ ലവിന് വേണ്ടി ഗാനം പുനരാവിഷ്‌കരിച്ചത് ഷാന്‍ റഹ്മാനും. പാടിയത് വിനീത് ശ്രീനിവാസനുമാണ് 

Content Highlights:  Priya varrier Adaar love controversy manikya malaraya poovi Omar Lulu Shaan Rahman