താര സംഗമത്തിന്റെ ആരവവുമായി പൃഥിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ലൂസിഫര്‍. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രം മോളിവുഡ് ബോളിവുഡ് താര സംഗമം കൂടിയാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ചിത്രത്തില്‍ വില്ലനായെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

രാംഗോപാല്‍ വര്‍മ ഒരുക്കിയ കമ്പനിയില്‍ മോഹന്‍ലാലും വിവേകും നേരത്തേ ഒരുമിച്ചെത്തിയിരുന്നു. 2002 ല്‍ പുറത്തിറങ്ങിയ കമ്പനി വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച വീരപ്പള്ളി ശ്രീനിവാസന്‍ ഐ.പി.എസ് എന്ന പോലീസ് കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

നെഗറ്റീവ് ടച്ചുള്ള കേന്ദ്രകഥാപാത്രമായാണ്  ലൂസിഫറില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഒടിയന്‍, വില്ലന്‍ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രമാണ് ലൂസിഫര്‍. ടൊവിനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നത് ക്വീന്‍ സിനിമ നായിക സാനിയയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‌ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. സുജിത് വാര്യരാണ് ഛായാഗ്രഹകന്‍.