ബിസ്‍ക്കറ്റ്  കിംഗ്' എന്നറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതം ഹിന്ദിയിൽ വെബ് സീരീസ് ആകുന്നു. പൃഥ്വിരാജ് ആണ് സീരീസിൽ രാജൻ പിള്ളയായി അഭിനയിക്കുക.

പൃഥ്വിരാജ് തന്നെയാണ് സീരിസ് സംവിധാനവും ചെയ്യുകയെന്നും യൂദ്ലി ഫിലിംസ് പങ്കുവച്ച ട്വീറ്റിൽ പറയുന്നു. എന്നാൽ പൃഥ്വിയുടെ ഭാ​ഗത്ത് നിന്ന് വാർത്തയിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

യൂദ്‍ലി ഫിലിംസ് തന്നെ ആണ് രാജൻ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. ഏത് ഒടിടി പ്ലാറ്റ്‍ഫോമിലാകും റിലീസ് ചെയ്യുക എന്നതടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 

സിങ്കപ്പുരിലെ സാമ്പത്തിക കുറ്റങ്ങൾക്ക് ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാജൻപിള്ള തിഹാർ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ വെച്ച് 1995 ജൂലൈ 7-നാണ് മരണമടഞ്ഞത്. 

വിശ്വാസവഞ്ചനയ്‌ക്കെതിരെ ബിസിനസ്സ് പങ്കാളി കൊടുത്ത കേസിൽ സിങ്കപ്പുർ പോലീസ് രാജൻ പിള്ളയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പിള്ള ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നത്. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് ഡൽഹി പോലീസ് പിള്ളയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി റിമാന്റുചെയ്ത് തിഹാറിലേക്കയക്കുകയും ചെയ്തു. രാജൻ പിള്ളയുടെ സംഭവബഹുലമായ ജീവിതകഥയാണ് സീരീസ് പറയുന്നത്. 

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കടുവയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ബ്രോ ഡാഡിയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്.

Content highlights : Prithviraj to direct and act hindi web series on Biscuit King Rajan Pillai