മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ട്‌. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങും. ഫാന്റസി  സ്വഭാവമുള്ള ത്രീഡി ചിത്രമായ ബറോസില്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലും സൂചനകള്‍ ഉണ്ടായിരുന്നു. 

പ്രതാപ് പോത്തനും പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോ ഡ ഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും. സ്പാന്‍ഗ്ലിഷ്, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, റാംബോ: ലാസ്റ്റ് ബ്ലഡ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

ഭൂമിയില്‍ താന്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍നിന്നും കൊണ്ടുവന്ന രത്‌നങ്ങളും നിധികളും വാസ്‌കോ ഡ ഗാമ സൂക്ഷിച്ചിരുന്നു. ആ നിധികള്‍ക്കൊരു കാവല്‍ക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. ഗാമയുടെ പിന്‍ഗാമിയ്ക്കു മാത്രമേ ബറോസ് ആ വലിയ നിധി നല്‍കുകയുള്ളൂ. ഒരു ദിവസം ആ സ്ഥലത്തേക്കൊരു കുട്ടി വരുന്നു. ഗാമയുടെ പിന്‍തുടര്‍ച്ചക്കാരനാണ് താനെന്ന് പറയുന്നു. ബറോസ് ആ കുട്ടി പറയുന്നത് ശരിയാണോയെന്നു കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

കുട്ടികള്‍ക്കായുള്ള ഫാന്റസി 3ഡി സിനിമയായിരിക്കും ബറോസ്. നവോദയ ജിജോ തിരക്കഥ രചിക്കുന്നു. നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. ഛായാഗ്രഹണം കെ.യു. മോഹനന്‍. ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലെത്തും. വിവിധ ഭാഷകളില്‍ സിനിമ ഡബ്ബ് ചെയ്‌തെത്തും. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

Content Highlights: Prithviraj sukumaran to act in Barroz, Mohanlal Directorial debut ?