മ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അസ്തിത്വത്തിന്റെയും ജനാധിപത്യത്തിന്റെയുമെല്ലാം ആധാരശിലകള്‍ വെല്ലുവിളിക്കപ്പെടുന്ന കാലത്താണെന്ന് നടന്‍ പൃഥ്വിരാജ്.

പുതിയ ചിത്രമായ ടിയാനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

'ടിയാനിലെ അസ്ലനോടുള്ള എന്റെ ഇഷ്ടം ഇതുവരെയുള്ള എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. എന്താണ് അസ്ലന്‍ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ അസ്ലന്റെ ജീവിതവഴികള്‍ എല്ലാവര്‍ക്കും ഒരു റഫറന്‍സ് പോയിന്റ് ആക്കി വക്കാന്‍ കഴിയുന്നതാണ്. പ്രത്യേകിച്ച് ഇന്നത്തെ ലോകത്ത് യഥാര്‍ഥമായ യാഥാര്‍ഥ്യത്തിലല്ല നമ്മള്‍ ജീവിക്കുന്നത്.

എല്ലാവരും എല്ലാം മറന്നുള്ള ഓട്ടത്തിലാണ്. അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, അസ്തിത്വം, ജനാധിപത്യം തുടങ്ങിയ ആധാരശിലകള്‍ പോലും വെല്ലുവിളിക്കപ്പെടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇതിനെല്ലാം അടിയില്‍ നമ്മള്‍ ജീവിക്കുന്ന യഥാര്‍ഥമായ ഒരു അസ്ഥിത്വമുണ്ട്. ഇതെല്ലാം സംബന്ധിച്ച് നമ്മുടെ കണ്ണു തുറപ്പിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തില്‍ അസ്ലന്‍ പറയുന്നത്. അസ്ലന്‍ പറയുന്ന കാര്യങ്ങളോടും അസ്ലന്റെ ജീവിതത്തോടും ഈ സിനിമയില്‍ കാണിച്ചതും അല്ലാത്തതുമായ, ഞാന്‍ സങ്കല്‍പിച്ച അസ്ലന്റെ ജീവിതത്തോടുമെല്ലാം എനിക്ക് വല്ലാത്തൊരു ആസക്തിയുണ്ട്'-പൃഥ്വിരാജ് പറഞ്ഞു.

ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന മുരളി ഗോപിയാണ്. ഇന്ദ്രജിത്ത്, മുരളി ഗോപി, ഇന്ദ്രജിത്തിന്റെ മകള്‍ അക്ഷര, പത്മപ്രിയ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.