പൃഥിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് പുതിയ സിനിമാ നിര്‍മാണ കമ്പനി രൂപീകരിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്. തനിക്ക് എല്ലാം സമ്മാനിച്ച മലയാള സിനിമയ്ക്ക് വേണ്ടി താന്‍ ഈ കമ്പനി സമര്‍പ്പിക്കുന്നുവെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തേ ആഗസ്റ്റ് സിനിമാസില്‍ പങ്കാളിയായിരുന്നു പൃഥ്വിരാജ്. ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ തുടങ്ങിയവരാണ് മറ്റു അംഗങ്ങള്‍. 2017 ജൂണിലായിരുന്നു പൃഥ്വിരാജ് ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍മാറുന്നത്.

പുതിയ നിര്‍മാണ കമ്പനിയെ സംബന്ധിച്ച് പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഞങ്ങളുടെ ഒരു സ്വപ്നസാക്ഷാത്കാരത്തിനുള്ള പരിശ്രമത്തിലായിരുന്നു. ഇപ്പോള്‍ ഇത്  നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. ഞങ്ങള്‍ ഒരു പുതിയ ഒരു സിനിമാ നിര്‍മാണ കമ്പനി തുടങ്ങുന്നു.

എനിക്ക് എല്ലാം തന്ന സിനിമക്ക് എന്നാല്‍ കഴിയുന്ന ഉചിതമായ സമര്‍പ്പണം. മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നതാണ് ഈ പുതിയ കമ്പനിയുടെ ലക്ഷ്യമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.

എന്തുകൊണ്ട് ഇത്  ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഞങ്ങളുടെ പുതിയ സംരംഭം മലയാള സിനിമ നിര്‍മാണ മേഖലക്ക് ഒരു പുത്തന്‍ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നു? ഈചോദ്യങ്ങള്‍ക്ക് എല്ലാമുള്ള ഉത്തരം തുടര്‍ന്ന് ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എനിക്കൊപ്പം നിന്ന ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്താണെന്ന് എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്. സുപ്രിയയും ഞാനും സമര്‍പ്പിക്കുന്നു അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.