ദുബായ്: വാരിയംകുന്നന്‍ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ താനല്ല എന്നും അത് കൊണ്ട് ആ സിനിമ യാഥാര്‍ഥ്യമാകാത്തതിന് മറുപടി പറയേണ്ടത് താനല്ല എന്നും പൃഥ്വിരാജ്. എന്ത് കൊണ്ട് വാരിയം കുന്നന്‍ വൈകുന്നു എന്ന് നിര്‍മ്മാതാവിനോടോ സംവിധായകനോടോ ചോദിക്കണം. തന്റെ പ്രൊഫഷണല്‍ ജീവിതത്തിന് പുറത്തെ അനാവശ്യ ചര്‍ച്ചകളെ ശ്രദ്ധിക്കാറില്ല എന്നും  പൃഥ്വിരാജ് ദുബായിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളിലും വ്യക്തി ജീവിതത്തെക്കുറിച്ചും കലാജീവിതത്തെക്കുറിച്ചും മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതിലും താന്‍ ശ്രദ്ധിക്കാറില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. പൃഥ്വിരാജ്, മമതാ മോഹന്‍ദാസ് എന്നിവരെ പ്രധാന അഭിനേതാക്കളാക്കി ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമം യുഎഇയില്‍ റിലീസാകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങിയ സിനിമയാണ് വാരിയംകുന്നന്‍.

ബോളിവുഡ് ചിത്രം അന്ധാദുന്റെ മലയാളം റിമേക്കാണ് ഭ്രമം. നടന്‍ വിവേക് ഒബ്റോയിയാണ് അന്ധാദുന്‍ കാണാന്‍ പ്രേരണ നല്‍കിയത്. കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു. റിമേക്കിന് തടസ്സങ്ങളുണ്ടായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. അന്ധാദുനെ അതുപോലെ അവതരിപ്പിക്കാനായതിന് പിന്നില്‍ ഭ്രമത്തിന്റെ രചയിതാവ് ശരത്, സംവിധായകന്‍ രവി കെ. ചന്ദ്രന്‍ എന്നിവരുടെ പ്രയത്നമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. 

ഉണ്ണി മുകുന്ദന്‍, മമതാ മോഹന്‍ദാസ്, സംവിധായകന്‍ രവി കെ. ചന്ദ്രന്‍, എപി ഇന്റര്‍നാഷണല്‍ മാനേജിങ് പാര്‍ട്ണര്‍ സഞ്ജയ് വാധ്വാ, ആര്‍.ജെ. അര്‍ഫാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ ആമസോണ്‍ പ്രൈമിനൊപ്പം ഓഗസ്റ്റ് ഏഴിന് ചിത്രം യു.എ.ഇയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. ഗോള്‍ഡന്‍ സിനിമാസാണ് വിതരണം. 

Content Highlights: Prithviraj Sukumaran on walking out of vaariyamkunnan movie, Aashiq Abu