മാറ്റത്തിന്റെ പാതയില്‍ മലയാള സിനിമ അതിവേഗം ചുവടുവെയ്ക്കുകയാണ്. താരപ്രഭയും ആവര്‍ത്തിക്കുന്ന ഫോര്‍മുലകളുമില്ല. നിലവാരമുള്ള ഉള്ളടക്കവും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പരീക്ഷണങ്ങളുമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നതെന്ന് മലയാളത്തിലെ യുവനിര തിരിച്ചറിഞ്ഞു കഴിഞ്ഞു. സിനിമയില്‍ തങ്ങള്‍ക്കായുള്ള ഇടം നല്ല മാറ്റങ്ങള്‍ക്ക് വിനിയോഗിക്കുകയാണിവര്‍. മലയാള സിനിമയുടെ പുതുമുഖത്തിലേക്കുള്ള മാറ്റത്തെ മുന്നില്‍ നിന്ന് നയിക്കുന്നവരില്‍ ഒരാളാണ് പൃഥ്വിരാജ്. നടനായി മാത്രമല്ല നിര്‍മാതാവായും ലൂസിഫറിലൂടെ സംവിധായകനായും അദ്ദേഹം സിനിമയില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു.

'മലയാള സിനിമയ്ക്ക് വലിയ സംഭാവന നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നൊന്നും വിശ്വസിക്കുന്നില്ല. എനിക്ക് താല്‍പര്യമുള്ള കാര്യങ്ങളാണ് ഞാന്‍ സിനിമയില്‍ ചെയ്യുന്നത്. കാലങ്ങള്‍ കൊണ്ട് അതുകൊണ്ട് സിനിമയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടായാല്‍ അതാണ് എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം'- മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ്  പറയുന്നു. 

'ലൂസിഫറില്‍ ഞാന്‍ തൃപ്തനാണ്. എത്ര ദിവസം കൊണ്ട് തീര്‍ക്കുമെന്ന് പ്ലാന്‍ ചെയ്‌തോ അത്രയും ദിവസം കൊണ്ടാണ് ഷൂട്ട് തീര്‍ത്തത്. ആഗ്രഹിച്ച  രീതിയില്‍ തന്നെ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എന്നെ പിന്തുണച്ച ഒരു നിര്‍മാതാവും ഒരു ടീമും എനിക്കുണ്ടായിരുന്നു. അവരുടെയെല്ലാം അധ്വാനത്തിന്റെ ഫലമാണിത്. 

prithviraj
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങിക്കാം

ഞാന്‍ ലാലേട്ടനുമായി ഏറ്റവും അടുക്കുന്നത് ലൂസിഫറിലൂടെയാണ്. ലാലേട്ടനോടൊപ്പം ജോലി ചെയ്യുന്നത് ഒരു ആഹ്ലാദമാണ്. പലപ്പോഴും ലാലേട്ടനെ കൊണ്ട് ഒരു പാട് ടേക്കൊക്കെ ചെയ്യിച്ചിട്ടുണ്ട്. അതിലധികവും ലാലേട്ടന്റെ കുഴപ്പം കൊണ്ടല്ല. ചിലപ്പോള്‍ സങ്കീര്‍ണമായ ക്യാമറ മൂവ്‌മെന്റ് ആയിരിക്കും, അപ്പോള്‍ ഫോക്കസ് കിട്ടിയില്ലെന്ന് വരും. അല്ലെങ്കില്‍ വലിയ ആള്‍ക്കൂട്ടമുള്ള സീനില്‍ പിന്നിലുള്ളവരുടെ ആക്ടിവിറ്റി ശരിയായിട്ടുണ്ടാകില്ല. അങ്ങനെ പതിനാല് ടേക്ക് വരെ എടുത്തിട്ടുണ്ട്. അപ്പോഴൊന്നും ലാലേട്ടന്‍ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിച്ചിട്ടില്ല. പിന്നെന്താ മോനേ, നമുക്ക് ഒന്നുകൂടി എടുക്കാം എന്നായിരിക്കും അദ്ദേഹം പറയുക. ഒരു ലെജന്‍ഡാണ് അദ്ദേഹം. അത്രമാത്രം സിനിമയോടൊപ്പം നില്‍ക്കുന്നയാളും'- പൃഥ്വിരാജ് പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ വായിക്കാം

Content Highlights: prithviraj sukumaran on luicfer movie shooting processs mohanlal manju warrier