ടോണി ലൂക്കിനെ ആദ്യനോട്ടത്തില്‍ ഹോളിവുഡ് നടനാണെന്ന് സംശയിച്ചാല്‍ ആരെയും കുറ്റംപറയാനാകില്ല. ഈയൊരു ഫസ്റ്റ് ഇന്‍പ്രഷന്‍തന്നെയാണ് ടോണിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നതും. മോഡലിങ്രംഗത്തുനിന്ന് സിനിമയിലെത്തിയ ടോണി ഊഴം, നാം, സഖാവ്, ആദി എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. പൃഥ്വിരാജ് നായകനാകുന്ന 9-ല്‍ സന്ദീപ് രാമമൂര്‍ത്തി എന്ന പ്രധാന കഥാപാത്രമായി പ്രേക്ഷകരെ അദ്ഭുതപ്പെടുത്താനൊരുങ്ങുകയാണ് യുവതാരം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആല്‍ബര്‍ട്ട് എന്ന കഥാപാത്രത്തിന്റെ സഹായിയായാണ് സന്ദീപ് രാമമൂര്‍ത്തി എന്ന ശാസ്ത്രജ്ഞന്‍ ചിത്രത്തിലെത്തുന്നത്. പ്രകാശ് രാജ്, മമ്താ മോഹന്‍ദാസ്, വാമിഖ ഗബ്ബി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 

ജെന്യൂസുമായുള്ള സൗഹൃദമാണ് ടോണിയെസയന്‍സ് ഫിക്ഷന്‍ സിനിമയായ നയനിലേക്കെത്തിച്ചത്. ആദി കണ്ട ജെന്യൂസ് നയനിലേക്ക് ക്ഷണിക്കുകയായിരുന്നു. അമേരിക്കയില്‍ വരുന്ന സന്ദീപ് രാമമൂര്‍ത്തി എന്ന കഥാപാത്രത്തിനായി ശരീരഭാരം കൂട്ടുന്നതുള്‍പ്പെടെ നിരവധി രൂപമാറ്റങ്ങള്‍ ആവശ്യമായിവന്നു. ശാസ്ത്രജ്ഞന്റെ മാനറിസങ്ങള്‍ പഠിക്കാനായി നിരവധി പേരെ നിരീക്ഷിച്ചു. സന്ദീപെന്ന കഥാപാത്രം ഹാസ്യത്തിന്റെ മേമ്പൊടികൂടിയുള്ളതാണ്. സിനിമ മുന്നോട്ടുപോകുമ്പോള്‍ തന്റെ ശരീരത്തിലും മാറ്റങ്ങളുണ്ടായി. അത് സിനിമയില്‍ കാണാം - ടോണി പറയുന്നു. 

ബെംഗളൂരുവില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന സമയത്താണ് ടോണി മോഡലിങ്ങിലേക്ക് തിരിയുന്നത്. അത് കഴിഞ്ഞ് ലണ്ടനില്‍ എം.ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ ഇറ്റലിയില്‍നിന്ന് നല്ല ഓഫര്‍ തേടിവന്നു. പിന്നെ 14 രാജ്യങ്ങളിലായി മോഡലിങ്ങും ഷോകളും. നാട്ടില്‍ വന്ന ഇടവേളയില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയില്‍നിന്നുള്ള വിളി വന്നു. ജീത്തു ജോസഫിന്റെ ഊഴത്തില്‍ വില്ലന്‍കഥാപാത്രം. ആദിയില്‍ എബിന്‍ എന്ന കഥാപാത്രമായി ക്ലൈമാക്സില്‍ നിറഞ്ഞത് വഴിത്തിരിവായി.  പ്രണവ് മോഹന്‍ലാലിന്റെ ആദ്യപടമായതുകൊണ്ടുതന്നെ ആദിയില്‍ അഭിനയിക്കുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു ടോണിക്ക്. എന്നാല്‍ ജീത്തു ജോസഫ് നല്‍കിയ ഊര്‍ജം പിന്തുണച്ചു.  

മണാലിയില്‍നിന്നുള്ള നയന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍  മറക്കാന്‍പറ്റാത്തതാണ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിനായുള്ള ആത്മസമര്‍പ്പണം അദ്ഭുതപ്പെടുത്തിക്കളഞ്ഞു. എത്ര ടേക്കായാലും ഒരു മടിയുമില്ലാതെ പൃഥ്വിരാജ് ചെയ്യുന്നത് പുതുമുഖതാരങ്ങള്‍ കണ്ടുപഠിക്കേണ്ടതാണ് - ടോണി കൂട്ടിച്ചേര്‍ത്തു. ഒരു വന്‍ ബോളിവുഡ്ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ടോണി ഇപ്പോള്‍. ഇതിന്റെ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും. ടോണി നായകനാകുന്ന ബഹുഭാഷാ വെബ്സീരീസിന്റെ ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ചങ്ങനാശ്ശേരി പാറക്കുളത്തിന് സമീപം കോച്ചേരി കുടുംബത്തില്‍ ആന്റണിയുടെയും ത്രേസ്യയുടെയും മകനാണ് ടോണി. കൂടുതല്‍ ശ്രദ്ധയോടെ നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ടോണിയുടെ ലക്ഷ്യം. ആസ്വദിച്ച് അഭിനയിക്കുക എന്നതാണ് തന്റെ പോളിസിയെന്ന് ടോണി പറയുന്നു.