മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ തന്റെ കന്നി സംവിധാന സംരംഭം അച്ഛന്‍ സുകുമാരന് സമര്‍പ്പിച്ചിരിക്കുകയാണ് ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജ്.

"ഇത് അച്ഛനുള്ളതാണ്, എനിക്കറിയാം അച്ഛനിത് കാണുന്നുണ്ടെന്ന്...!" ലൂസിഫറിന്റെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് ലൂസിഫറെന്ന് ട്രെയ്‌ലറില്‍ സൂചനകള്‍ ഉണ്ടെങ്കിലും ചിത്രത്തിന്റെ പശ്ചാത്തലം മാത്രമേ രാഷ്ട്രീയം ഉള്ളൂ എന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടൊവിനോ, ഇന്ദ്രജിത്, ഫാസില്‍ എന്നിവരും വേഷമിടുന്നു.  

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് .

Lucifer

Content Highlights : Prithviraj Sukumaran Lucifer Movie Mohanlal Murali Gopi Manju Warrier Indrajith Vivek oberoi