പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ലൂസിഫര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. താന്‍ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകര്‍ നല്‍കിയ പ്രോത്സാഹനത്തിന് ഫേസ്ബുക്കിലൂടെ നന്ദി പറയുകയാണ് പൃഥ്വി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ഈ പോസ്റ്റ്, 'ലൂസിഫര്‍' എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്‌നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നല്‍കിയ പ്രോത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി.

എന്നാല്‍... 'ലൂസിഫര്‍' എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ 'ഫസ്റ്റ് ലുക്കുകളും', 'ട്രെയിലറുകളും', 'മോഷന്‍ പോസ്റ്ററുകളും' ഒന്നും തന്നെ ആ സിനിമയുടെ യഥാര്‍ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദാക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യല്‍ ആയ ആരാധക സൃഷ്ടികളാണ്. 

നിരുത്സാഹപ്പെടുത്തുക അല്ല..അവയില്‍ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം! 'ലൂസിഫര്‍' ന്റെ പ്രാരംഭ ഘട്ട ചര്‍ച്ചകളില്‍ ആണ് നമ്മള്‍ ഇപ്പോള്‍. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു ലാലേട്ടന്‍ എന്ന സൂപ്പര്‍ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താന്‍. ഈ യാത്രയില്‍ എന്നോടൊപ്പം നിങ്ങളും ഉണ്ടാവും എന്ന പ്രതീക്ഷയില്‍-പൃഥ്വി!

മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ രചിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിതം നിര്‍മിക്കുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള പാതിവഴിയില്‍ ഉപേക്ഷിച്ച സംരംഭമാണ് ലൂസിഫര്‍. നാല് വര്‍ഷം മുന്‍പ് തന്നെ ചിത്രത്തിന്റെ കടലാസ് പണികള്‍ പൂര്‍ത്തിയായിരുന്നു. മറ്റ് തിരക്കുകള്‍ വന്നതുമൂലം രാജേഷ് പിള്ള ചിത്രം നീട്ടിവയ്ക്കുകയായിരുന്നു. ഒടുവില്‍ അസുഖത്തിന് കീഴടങ്ങി ഇക്കഴിഞ്ഞ ഫിബ്രവരിയില്‍, വേട്ട എന്ന ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസം മരണത്തിന് കീഴടങ്ങി. ഇതിനുശേഷമാണ് പൃഥ്വിരാജും മുരളി ഗോപിയും ലൂസിഫര്‍ പൊടിതട്ടിയെടുക്കാന്‍ തീരുമാനിച്ചത്.