പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികളേ തുടര്‍ന്ന് പൃഥ്വിരാജ് 25 കോടി പിഴയടച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരേ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പൃഥ്വിരാജ് പിഴയടച്ചുവെന്നും ലിസ്റ്റിന്‍ സ്റ്റീഫനെ ഇ.ഡി.(എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഇടയ്ക്കിടെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുവെന്നുമുള്ള വാര്‍ത്ത ഒരു യൂട്യൂബ് ചാനല്‍ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഇതിനെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു. ഇ.ഡിയുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ നടപടികള്‍ സ്വാഭാവികമാണെന്നും എന്നാല്‍, 25 കോടി രൂപ പിഴ അടച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ അതിന് തെളിവായി ഒരു രസീപ്റ്റ് എങ്കിലും കാണിക്കണ്ടേയെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ ചോദിച്ചു. അദ്ദേഹം നിര്‍മിക്കുന്ന ഗരുഡന്‍ എന്ന സിനിമയുടെ പൂജ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങള്‍ക്കെല്ലാം ഇന്‍കം ടാക്‌സിന്റെയും ജിഎസ്ടിയുടെയും റെയ്ഡ് വന്നിട്ടുണ്ട്. ഇത് സ്വാഭാവികമാണ്. പൃഥ്വിരാജ് സുകുമാരന്‍ ഇ.ഡിയില്‍ 25 കോടി രൂപ അടച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവായി ഒരു റസീപ്റ്റ് എങ്കിലും കാണിക്കണ്ടേ? പൃഥ്വിരാജിന്റെ പേര് അതിലേക്ക് വന്നപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. എനിക്ക് നോട്ടീസ് വന്നിരുന്നു. രേഖകളെല്ലാം സമര്‍പ്പിച്ചു. ഫെമ എന്നാണ് അതിന് പറയുന്നത്. ഓവര്‍സീസ് ആയിട്ടുള്ള വിതരണവുമായി ബന്ധപ്പെട്ടാണ്. അത് സ്വാഭാവികമായ നടപടിയാണ്."- ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
വസ്തുതകള്‍ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേല്‍ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വ്യാജവാര്‍ത്ത പുറത്തുവിട്ട പ്രസ്തുത ചാനലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിന്റെ കുറിപ്പ്
'വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജ ആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്.' സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ വാര്‍ത്ത പുറത്തുവിട്ട യുട്യൂബ് ചാനലിന്റെ പേര് സഹിതം പരാമര്‍ശിച്ചാണ് നിയമനടപടി സ്വീകരിക്കുന്ന കാര്യം പൃഥ്വി അറിയിച്ചത്.
''എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായ് 25 കോടി അടച്ചുവെന്നും അടച്ചുവെന്നും 'പ്രൊപഗാന്‍ഡ' സിനിമകള്‍ നിര്‍മിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത, ചില ഓണ്‍ലൈന്‍, യൂട്യൂബ് ചാനലുകളില്‍ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാല്‍ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ ഞാന്‍ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു.'
Content Highlights: Prithviraj sukumaran, listin Stephen, fake news, enforcement directorate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..