പ്രഭാസും പൃഥ്വിരാജും | ഫോട്ടോ: മാതൃഭൂമി
കെ.ജി.എഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ ദക്ഷിണേന്ത്യയിലെമ്പാടും ആരാധകരെ കൂട്ടിയ സംവിധായകനാണ് പ്രശാന്ത് നീൽ. പ്രശാന്തിന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള ഒരുവിവരം ഇപ്പോൾ മലയാളി പ്രേക്ഷകരേയും ആഹ്ലാദിപ്പിക്കുകയാണ്. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും എന്നതാണ് ആ വിവരം.
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ പ്രഭാസ് തന്നെയാണ് സലാറിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാവാൻ പൃഥ്വിരാജ് സന്നദ്ധനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രചാരണപരിപാടിയിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
പ്രഭാസിന്റെ ഈ സംഭാഷണശകലം പൃഥ്വിരാജിന്റെ ആരാധകരുടെ കൂട്ടായ്മയായ പൊഫാക്റ്റിയോ തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. കുരുതി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടൻ റോഷൻ മാത്യുവുമായി നടത്തിയ സംഭാഷണത്തിൽ താൻ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്നും അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ശ്രുതി ഹാസനാണ് സലാറിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. കെ.ജി.എഫ് ഒന്നും രണ്ടും ഭാഗങ്ങൾ നിർമിച്ച ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാറും നിർമിക്കുന്നത്. തെലുങ്കിലും കന്നഡയിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രം മലയാളം, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും.
Content Highlights: prithviraj sukumaran, salaar movie, actor Prabhas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..