സിനിമയില്‍ വന്ന കാലം മുതല്‍ താന്‍ ധിക്കാരിയാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് അറിയില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ്സു തുറന്നത്.

'അങ്ങനെ പറയുന്നത് ചിലപ്പോള്‍ എന്റെ ആകാരം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ സംസാരം കൊണ്ടാകാം. ഞാന്‍ അത്തരക്കാരന്‍ അല്ലെന്ന് പറഞ്ഞു മടുത്തു. ഇനിയും ആളുകള്‍ക്ക് അങ്ങനെ കരുതാനാണ് ഇഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. അതെല്ലാം ഞാന്‍ ചെറുതായി ആസ്വദിക്കുന്നു.'

സഹോദരന്‍ ഇന്ദ്രജിത്ത് തന്നേക്കാള്‍ വേഗത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതു കൊണ്ടായിരിക്കാം അദ്ദേഹത്തിന് ധിക്കാരി എന്ന പരിവേഷം ഇല്ലാത്തതെന്ന് പൃഥ്വിരാജ് പറഞ്ഞു.

'എനിക്ക് സിനിമയില്‍ അധികം സുഹൃത്തുക്കളില്ല. കാരണം എനിക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടടമാകണമെന്ന് ഇല്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ മറ്റുള്ളവരുടെ മുറിയില്‍ പോയിരുന്ന് സംസാരിക്കുന്ന പതിവ് എനിക്കില്ല. ഞാന്‍ അതിന് ശ്രമിച്ചിട്ടുണ്ട്. പക്ഷേ സാധിച്ചില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ എന്റെ മുറിയില്‍ പോയിരുന്ന് എന്തെങ്കിലും വായിക്കും അല്ലെങ്കില്‍ ടി.വി കാണും. അങ്ങനെ ഒതുങ്ങി കഴിയുന്നത് കൊണ്ടായിരിക്കാം അഹങ്കാരി എന്ന് വിളിക്കുന്നത്'- പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. 

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

content highlights: prithviraj sukumaran, lucifer movie, mohanlal