പൃഥ്വിരാജ് | ഫോട്ടോ: സ്ക്രീൻഗ്രാബ് | https://youtu.be/_PGU-_YY6ZU
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച ഡ്രോൺ ഷോ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് പൃഥ്വി ഇപ്പോൾ. ക്ലബ് എഫ്. എം യു.എ.ഇക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആർ.ജെ ശ്രുതി, ആർ.ജെ തൻവീർ എന്നിവരുമായി സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
ആകാശത്ത് സ്വന്തം മുഖം കണ്ടപ്പോൾ എന്ത് തോന്നി എന്ന അവതാരകന്റെ ചോദ്യത്തിന് നല്ല രസം തോന്നി എന്നായിരുന്നു പൃഥ്വിയുടെ മറുപടി. സ്വന്തം മുഖം എന്നതിലുപരി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ മുഖമാണവിടെ തെളിഞ്ഞത്. ചരിത്രനിമിഷമായിരുന്നു അതെന്നാണ് എല്ലാവരുടേയുമുള്ളിൽ എന്നും അദ്ദേഹം പറഞ്ഞു.
ആകാശത്ത് മലയാളത്തിൽ കടുവ എന്നെഴുതിക്കാണിച്ചപ്പോൾ അഭിമാനം തോന്നി. അതിന്റെ എല്ലാ ക്രെഡിറ്റും ഫാർസ് ഫിലിംസിനാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ജോർദാനിൽ നിന്ന് വരുന്ന വഴി ദുബായിലിറങ്ങി അഹമ്മദ് ഗോൽച്ചിൻ സാറിനെ കണ്ടിരുന്നു. മാസ് സിനിമയാണ്, പ്രചാരണമെല്ലാം വലിയ രീതിയിൽ ചെയ്യണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം മൂന്ന് നാല് ഓപ്ഷനുകൾ തന്നു. അതെല്ലാം കേട്ടാൽ ഞെട്ടിപ്പോകും. അതിൽ ഒട്ടും നടക്കില്ല എന്ന് വിചാരിച്ച ഒരു ഓപ്ഷനാണ് കഴിഞ്ഞദിവസം നടന്ന ഡ്രോൺ ഷോ.
ദുബായിൽ ഡ്രോണിന് അനുമതി എടുക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഷെയ്ഖ് സായിദ് റോഡുപോലെ ജനത്തിരക്കുള്ള സ്ഥലത്ത് 250 ഡ്രോണുകളാണ് ഒരേസമയം പറപ്പിച്ചത്. ഒരു ഡ്രോൺ പറപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്കറിയാം. അപ്പോഴാണ് ഇത്രയും ഡ്രോണുകൾ ഭംഗിയായി പറപ്പിച്ചത്. അതൊരു മലയാളസിനിമയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. വിവേക് ഒബ്രോയി, സംയുക്താ മേനോൻ എന്നിവരും പൃഥ്വിക്കൊപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..