സാമൂഹ്യ വിരുദ്ധരുടെ ആക്രമത്തിനെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. അമ്മയ്ക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താന്‍ വീണ്ടും സാക്ഷിയാകാന്‍ പോവുകയാണെന്ന് പൃഥ്വിരാജ്‌ ഫെയിസ്ബുക്കില്‍ കുറിച്ചു.

ചില സ്ത്രീ വിരുദ്ധ നിനിമകളുടെ ഭാഗമാകേണ്ടി വന്നെന്നും ഇനി തന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. 

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ ജീവിതത്തില്‍ ഏറെ തീവ്രമായ ചില നിമിഷങ്ങള്‍ ഞാന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ഏറ്റവും മഹനീയ സൃഷ്ടിയായ സ്ത്രീയുടെ ധൈര്യം കണ്ട നിമിഷങ്ങള്‍.

പെട്ടന്ന് പാളം തെറ്റിയ ജീവിതത്തില്‍ നിന്ന് രണ്ട് ആണ്‍കുഞ്ഞുങ്ങളെ വളര്‍ത്തിവലുതാക്കിയ അമ്മ മുതല്‍ പ്രസവ മുറിയില്‍ ഒരു അനസ്‌തേഷ്യ പോലും ഇല്ലാതെ പ്രസവിക്കാന്‍ ഒരുങ്ങി, എന്റെ കൈ പിടിച്ചുകൊണ്ട് 'കുഴപ്പമൊന്നുമില്ല പൃഥ്വി' എന്ന് പറഞ്ഞ ഭാര്യവരെ. ഒരു പുരുഷന്‍ എന്ന നിലയില്‍ എത്ര നിസാരനാണ് ഞാനെന്ന്‌ ഇപ്പോള്‍ തിരിച്ചറിയുകയാണ്.

ഇന്ന് എന്റെ പ്രിയ സുഹൃത്ത് പുതിയ ചിത്രമായ ആദത്തിന്റെ സെറ്റില്‍ എത്തുമ്പോള്‍ എന്റെ ജീവിതത്തിലെ ഒരു അസാധാരണ സ്ത്രീയുടെ അസാമാന്യ ധീരതയ്ക്ക് കൂടി ഞാന്‍ സാക്ഷ്യം വഹിക്കുകയാണ്. 

ഇന്നവള്‍ സംസാരിക്കാന്‍ പോവുകയാണ്. അവളുടെ വാക്കുകള്‍ കാലത്തിനും  ഭാഷക്കും അപ്പുറം മുഴങ്ങി കേള്‍ക്കും. ഒരു വ്യക്തിക്കോ ഒരു സംഭവത്തിനോ നിങ്ങളുടെ മേല്‍ ആധിപത്യം ഉറപ്പിക്കാനാകില്ല അത് നിങ്ങള്‍ക്കു മാത്രമേ സാധിക്കൂ. കോടിക്കണക്കിനു ആളുകള്‍ പറയാന്‍ മടിയ്ക്കുന്ന കാര്യമാണ് ഇന്ന് എന്റെ സുഹൃത്ത് പറയുന്നത്.

ആ ശബ്ദങ്ങള്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് പറയട്ടെ, ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ അപക്വമായി ഞാന്‍ പെരുമാറിയിട്ടുണ്ട്. ബുദ്ധി ഉറയ്ക്കും മുന്‍പ് ഞാന്‍ ചെയ്ത പുരുഷ മേല്‍ക്കോയ്മ ആഘോഷമാക്കിയ സിനിമകള്‍ക്ക്, അതില്‍ നിങ്ങളുടെ മാനം ഇടിക്കുന്ന തരത്തില്‍ പറഞ്ഞ ഡയലോഗുകള്‍ക്ക്, അതിന് ഏറ്റുവാങ്ങിയ കൈയടികള്‍ക്ക് ക്ഷമ ചോദിക്കുകയാണ് ഞാന്‍. മേലില്‍ എന്റെ സിനിമകളില്‍ സ്ത്രീകളെ ഇകഴ്ത്തില്ലെന്ന് ഉറപ്പു പറയുന്നു. ഒരു നടന്‍ എന്ന നിലയില്‍ മോശപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നേക്കും. എന്നാല്‍ ഒരിക്കലും ഈ കഥാപാത്രങ്ങളെ മഹത്വവത്കരിക്കുകയോ വെള്ളിത്തിരയിലെ അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയോ ചെയ്യില്ല 

ഒരിക്കല്‍ക്കൂടി നമുക്കിവളെ അഭിനന്ദിക്കാം.. ജീവിതം ഇരുട്ടിലാവും എന്ന് പേടിക്കാതെ മുന്നോട്ട് സധൈര്യം വന്നതിന്‌. അവളുടെ പ്രകാശം ഒരുപാടുപേര്‍ക്ക് വഴി കാട്ടുന്നതാകട്ടെ. ഇന്ന് അവള്‍ സംസാരിക്കാന്‍ പോകുന്നു. 

ഞാന്‍ എന്നും നിന്റെ ആരാധകനാണ്. സ്‌നേഹപൂര്‍വ്വം പൃഥ്വി.

തല കുനിച്ചില്ല, മുഖം മറച്ചില്ല: ആക്രമിക്കപ്പെട്ട താരം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍......