കാക്കനാട്: ഇന്നുച്ചയ്ക്ക് എറണാകുളം കളക്ടറേറ്റില്‍ ഒരു അതിഥിയെത്തി. രാജകീയ പ്രൗഡിയോടെ തലയെടുപ്പോടെ അതിഥിയെത്തിയപ്പോള്‍ കളക്ടറേറ്റിലെ ജീവനക്കാരും സമീപവാസികളുമെല്ലാം കൗതുകത്തോടെ ചുറ്റും കൂടി. പലരും അതിഥിയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു. ചിലര്‍ തൊട്ടുനോക്കി. ആരാണ് അതിഥിയെന്നോര്‍ത്ത് തലപുകയ്ക്കണ്ട, കേരളത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യാനെത്തിയ ലംബോര്‍ഗിനിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. നടന്‍ പൃഥ്വിരാജിന്റേതാണ് ഈ പുതുപുത്തന്‍ ആഡംബര കാറെന്ന് കൂടി പറയുമ്പോഴേ കൗതുകം പൂര്‍ണമാകൂ.

പൃഥ്വിയുടെ ഭാര്യാപിതാവ് വിജയ് മേനോനാണ് ലംബോര്‍ഗിനിയുമായി രജിസ്‌ട്രേഷനെത്തിയത്. ആടുജീവിതമെന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരുവല്ലയിലായതിനാലാണ് പൃഥ്വി എത്താതിരുന്നതെന്ന് വിജയ് മേനോന്‍ പറഞ്ഞു. 

prithviraj sukumaran

2.13 കോടി രൂപ വിലമതിക്കുന്ന കാറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ആര്‍ടിഒ റെജി പി വര്‍ഗീസ് പറഞ്ഞു. 41 ലക്ഷത്തോളം രൂപയാണ് ഇതിനായി നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചിരിക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prithviraj sukumaran

കേരളത്തില്‍ നിലവില്‍ മറ്റു ലംബോര്‍ഗിനികള്‍ ഓടുന്നുണ്ടെങ്കിലും ഇവയൊന്നും ഇവിടെയല്ല രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോണ്ടിച്ചേരി ഉള്‍പ്പെടെയുള്ള നികുതി കുറവുള്ള സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ് അനധികൃതമായി കേരളത്തില്‍ ഓടുന്നത്. ഇത്തരത്തിലുള്ള നികുതിവെട്ടിപ്പിന്റെ പേരില്‍ ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെ നിയമനടപടി നേരിടുന്ന സാഹചര്യത്തിലാണ് പൃഥ്വിരാജ് വന്‍തുക നികുതിയടച്ച് വാഹനം കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തേ, പൃഥ്വിരാജ് തന്റെ പുതിയ കാറിനായി ആറ് ലക്ഷം രൂപ മുടക്കി 1 എന്ന നമ്പര്‍ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. അഞ്ചുപേര്‍ ഈ നമ്പറിനായി രംഗത്തുണ്ടായിരുന്നെങ്കിലും പൃഥ്വി ലേലത്തിലൂടെ ഇഷ്ടനമ്പര്‍ സ്വന്തമാക്കുകയായിരുന്നു. കെഎല്‍-07, സിഎന്‍ 1 എന്നതായിരിക്കും ലംബോര്‍ഗിനിയുടെ പുതിയ നമ്പര്‍.

ബെംഗളൂരുവിലെ ഷോറൂമില്‍ നിന്ന് വാങ്ങിയ ലംബോര്‍ഗിനി കര്‍ണാടകയിലെ താല്‍ക്കാലിക രജിസ്‌ട്രേഷനിലാണ് കൊച്ചിയില്‍ എത്തിയത്. കോടികള്‍ വിലമതിക്കുന്ന ആഡംബര കാര്‍ ഓടിക്കാനും പ്രത്യേക പരിശീലനം ആവശ്യമാണ്. പൃഥ്വിയുടെ അഭാവത്തില്‍ ബെംഗളൂരുവില്‍ നിന്നെത്തിയ സുഹൃത്താണ് ലംബോര്‍ഗിനി കളക്ടറേറ്റിലേക്ക് ഡ്രൈവ് ചെയ്ത് എത്തിച്ചത്.

Content Highlights: prithviraj sukumaran car prithviraj buys lamborghini and registered in Kerala