നിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ മൈസ്റ്റോറിയും കൂടെയും അടുപ്പിച്ച് റിലീസ് ചെയ്യില്ലായിരുന്നുവെന്ന് പൃഥ്വിരാജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ്സു തുറന്നത്. 

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത 'മൈസ്‌റ്റോറി'യില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് പ്രധാനവേഷത്തിലെത്തുന്നത്. അഞ്ജലി മേനോന്‍ ഒരുക്കിയ 'കൂടെ'യിലും പൃഥ്വിരാജും പാര്‍വതിയും ജോടികളായെത്തുന്നു. കഴിഞ്ഞയാഴ്ചയാണ് 'മൈസ്‌റ്റോറി' റിലീസ് ചെയ്തത്. ഈ ആഴ്ച 'കൂടെ'യും. ഒരേ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്നത് ഏതെങ്കിലും തരത്തില്‍ സിനിമയെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്.

''എനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 'കൂടെ'യുടെ റിലീസ് നേരത്തേ തീരുമാനിച്ചിരുന്നു. ജൂലൈ രണ്ടാംവാരത്തില്‍ തന്നെ പുറത്തിറക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. 'മൈസ്റ്റോറി'യുടെ റിലീസ് ഈയിടെയാണ് തീരുമാനിച്ചത്. 'മൈസ്‌റ്റോറി'യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് 'കൂടെ' തൊട്ടടുത്തു തന്നെ ഇറങ്ങുമെന്ന് അറിയാമായിരുന്നു. ഇതൊരിക്കലും അഭിനേതാക്കളുടെ തീരുമാനമല്ല. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമായിരുന്നു. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്. അതു ഞാന്‍ ചെയ്തു. പക്ഷേ തീരുമാനം അവരുടേതായിരുന്നു''- പൃഥ്വിരാജ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ 'മൈസ്റ്റോറി'യെ തരംതാഴ്ത്തുന്ന പ്രചരണങ്ങള്‍ നടക്കുകയാണെന്നാരോപിച്ച് സംവിധായിക റോഷ്‌നി ദിനകര്‍ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ക്കെതിരേ ഡിസ്ലൈക്ക് ക്യാമ്പയിനും ശക്തമായിരുന്നു. കസബ സിനിമയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പരാമര്‍ശത്തിന്റെ അനന്തരഫലം താന്‍ അനുഭവിക്കുകയാണെന്നും റോഷ്‌നി പറഞ്ഞു.