ലയാള സിനിമ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറം സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് നടന്‍ പൃഥ്വിരാജ്. സമീപ കാലത്ത് ഇറങ്ങിയ മഹേഷിന്റെ പ്രതികാരം, ഈമയൗ എന്നീ ചിത്രങ്ങള്‍ നേടിയ ജനപ്രീതിയെ ചൂണ്ടിക്കാട്ടിയാരുന്നു പൃഥ്വിരാജിന്റെ പരാമര്‍ശം. മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ്സു തുറന്നത്.

വേറിട്ട സിനിമകള്‍ ചെയ്യണം എന്ന ഉദ്ദേശത്തോടുകൂടിയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍ എന്ന പേരില്‍ സിനിമാ നിര്‍മാണ കമ്പനി രൂപവത്കരിച്ചതെന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന 9 എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജനൂസ് മുഹമ്മദ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. 

'പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി ചെയ്യുന്ന ചിത്രം അല്‍പ്പം വ്യത്യസ്തമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ജനൂസ് മുഹമ്മദ് 9-ന്റെ കഥ പറയുന്നത്. ആക്‌സമികമായി സംഭവിച്ചതാണ്. സോണി പിക്‌ചേഴ്‌സ് ഈ പ്രൊജക്ടിലേക്ക് കടന്നുവരുന്നത് അതിന് ശേഷമാണ്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയില്‍ ആദ്യമായി പ്രദേശിക ഭാഷയില്‍ സിനിമ ചെയ്യുന്നത് മലയാളത്തിലാണ്. അതും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.

ഞാന്‍ സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്റെ കഥാപാത്രത്തിനല്ല പ്രാധാന്യം കൊടുക്കാറുള്ളത്. സിനിമ എങ്ങനെയുണ്ട് എന്ന് നോക്കും. 9-ലെ എന്റെ കഥാപാത്രം സങ്കീര്‍ണമാണ്. എന്റെ കഴിവിന്റെ പരാമാവധി ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.' 

താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പൃഥ്വിരാജ് പങ്കുവെച്ചു.

'ഞാന്‍ ഒരു പുതുമുഖ സംവിധായകനാണ്, ഒരു നടനുമാണ്. എന്നെ സംബന്ധിച്ച് എല്ലാം എളുപ്പമാണ്. ലൂസിഫര്‍ നല്ല സിനിമ ആയാല്‍ കൊള്ളാം, മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല. ലാലേട്ടനെന്ന (മോഹന്‍ലാല്‍) പ്രതിഭയ്‌ക്കൊപ്പം ജോലിചെയ്തപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അതെല്ലാം ഭാവിയില്‍ എനിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.'

ആര്‍. എസ് വിമല്‍ ഒരുക്കുന്ന കര്‍ണന്‍ എന്ന സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള കാരണവും പൃഥ്വിരാജ് വ്യക്തമാക്കി. 

'ഞാനും സംവിധായകനും തമ്മില്‍ സമയത്തിന്റെയും മറ്റുകാര്യങ്ങളുടെയും പേരില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നു. ഇതുകൊണ്ടാണ് ഞാന്‍ ആ സിനിമയില്‍നിന്ന് പിന്‍മാറിയത്. അദ്ദേഹത്തിന് ആ ചിത്രം പെട്ടന്ന് തന്നെ ചെയ്യണമെന്നായിരുന്നു ആഗ്രഹം.'

ബെന്യാമിന്റെ ആടുജീവിതം എന്ന കൃത്യയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ബ്ലെസി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തീര്‍ന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. 

Content Highlights: prithviraj sukumaran, about 9, lucifer, mohanlal,  production company, karnan, aadukalam movie