പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം ഉപേക്ഷിച്ചിട്ടില്ല. ബെന്യാമിന്റെ ഹിറ്റ് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തില്‍ നജീബിന്റെ വെല്ലുവിളി നിറഞ്ഞ വേഷം ചെയ്യേണ്ട പൃഥ്വി.  പൃഥ്വിരാജ് ഡേറ്റ് നല്‍കാത്തതിനാല്‍ ചിത്രം ഉപേക്ഷിച്ചുവെന്നാണ് ചില വെബ്സൈറ്റുകളില്‍ വാര്‍ത്ത വന്നത്.

ചിത്രം ഉപേക്ഷിച്ചിട്ടില്ല. ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഘട്ടങ്ങളിലാണ് ഞാന്‍ അതിന് ഡേറ്റ് നല്‍കിയിട്ടുണ്ട്. ഈ ഇടവളയില്‍ മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫര്‍ പൂര്‍ത്തിയാക്കും. പത്ത് ദിവസം മുന്‍പ് തന്നെ സംവിധായകന്‍ ബ്ലെസ്സിയെ കാണുകയും ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം വാര്‍ത്തകളുടെ ഉറവിടം വ്യക്തമല്ല-പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചു.

 പൃഥ്വിരാജിന്റെ ഫെയസ്ബുക്ക് പോസ്റ്റ്:

'ഞാന്‍ ഇപ്പോള്‍ ആഡം ജോണിന്റെ ഷൂട്ടിങ്ങിനായി സ്‌കോട്ട്ലന്‍ഡിലാണ്. എനിക്ക് ഡേറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ സ്വപ്ന സിനിമയായ ബ്ലെസ്സിയുടെ ആട്ജീവിതം ഉപേക്ഷിച്ചുവെന്ന് വായിക്കാനിടയായി. ഇത് തീര്‍ത്തും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്. 2017 നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഗഡുക്കളായി ഞാന്‍ സ്വപ്നതുല്ല്യമായ, വെല്ലുവിളി നിറഞ്ഞ ആ വേഷത്തിനായി നല്‍കിയിട്ടുണ്ട്. ഒരുപാട് ശാരീരിക പരിണാമങ്ങളും ആവശ്യമായതിനാല്‍ പല ഷെഡ്യൂളുകളായാണ് അത് ചിത്രീകരിക്കുന്നത്. ഈ ഷെഡ്യൂളുകള്‍ക്കിടയില്‍ ഞാന്‍ എന്താണ് ചെയ്യാനിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. അത് എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒന്നാണ്. അതിന്റെ തിരക്കഥ ഗംഭീരമായി പൂര്‍ത്തിയാക്കിഴിഞ്ഞു. ഈ ചിത്രത്തിനുവേണ്ടി ലോകോത്തര ടെക്നീഷ്യന്മാരുടെ ഒരു നിര തന്നെ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഞാന്‍ പത്ത് ദിവസം മുന്‍പ് ബ്ലെസ്സിയെ കണ്ട് ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതുപോലൊരു വാര്‍ത്തയുടെ സ്രോതസ്സ് എന്താണെന്ന് എനിക്കറിയില്ല. എല്ലാവര്‍ക്കും ഈസ്റ്റര്‍, വിഷു ആശംസകള്‍ നേരുന്നു-പൃഥ്വി.