റിമ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ
വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു. ബഷീറിന്റെ 113-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
"സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേല്‍ നിറവും വെളിച്ചത്തിന്മേല്‍ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്.
അക്ഷരസുല്‍ത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില്‍ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങള്‍ക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തില്‍ നിന്നും നന്ദി. നീലവെളിച്ചം ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കും."
'നീലവെളിച്ചം' ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു 1964-ല്‍ പുറത്തിറങ്ങിയ 'ഭാര്‍ഗ്ഗവീനിലയം'. വിജയ നിര്‍മ്മല, പ്രേംനസീര്‍, മധു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ. വിന്‍സന്റായിരുന്നു സംവിധാനം. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ഭാര്‍ഗ്ഗവീനിലയം.
Content Highlights: Prithviraj Sukumaran, Rima Kallingal, Kunchako Boban, Soubin Shahir in, Aashiq Abu movie, on Neela Velicham, Basheer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..