നടന്‍ പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയത് വാര്‍ത്തകളിലും ട്രോളുകളിലും നിറഞ്ഞുനിന്ന കാര്യമാണ്. ഒപ്പം നിരവധി വിമര്‍ശനങ്ങളും താരത്തിനെതിരേ വരികയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ പൃഥ്വിരാജ് ഇന്നുവരെ ഒരു പ്രതികരണവും നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി താരം ലംബോര്‍ഗിനിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ലംബോര്‍ഗിനി വാങ്ങിയ സാഹചര്യത്തെക്കുറിച്ചും അതിന് ആള്‍ക്കാരുടെ പ്രതികരണത്തെക്കുറിച്ചും മനസ്സ് തുറന്നത്. 

അഭിനേതാവെന്ന രീതിയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നപ്പോള്‍ എന്തിനാണ് സംവിധായകന്റെ വേഷമണിഞ്ഞത് എന്ന ചോദ്യത്തിനാണ് അത് ലംബോര്‍ഗിനി വാങ്ങാന്‍ തനിക്കെന്താ വട്ടുണ്ടായിരുന്നോ എന്ന് ആളുകള്‍ ചോദിക്കുന്നത് പോലെയാണെന്നാണ് പൃഥ്വിരാജ് മറുപടി നല്‍കിയത്.

''ലംബോര്‍ഗിനി വാങ്ങാന്‍ വട്ടുണ്ടോ? ഇവിടെ എവിടെയാണ് ലംബോര്‍ഗിനി ഓടിക്കാന്‍ പോകുന്നത് എന്ന് ആളുകള്‍ ചോദിക്കുന്ന പോലെയാണ് ഇത്. അത് നല്ല ചോദ്യമാണ്. പക്ഷേ ഞാനത് വാങ്ങാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. കുട്ടിയായിരുന്നുപ്പോള്‍ എന്റെ മുറിയില്‍ ലംബോര്‍ഗിനിയുടെ ചിത്രം ഒട്ടിച്ചുവെച്ചിരുന്നു, ഒരു ദിവസം ഞാൻ മനസിലാക്കി എനിക്കൊരെണ്ണം ഇപ്പോൾ വാങ്ങാനാകുമെന്ന്...

റോഡുകള്‍ മോശമാണ്, ലംബോര്‍ഗിനി വാങ്ങേണ്ട എന്ന് എനിക്ക് തീരുമാനിക്കാമായിരുന്നു. 20 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഒരു ലംബോര്‍ഗിനി വാങ്ങണമെന്നൊന്നും എനിക്ക് തോന്നില്ലായിരിക്കാം. പക്ഷേ ഇപ്പോള്‍ അത് വാങ്ങണമെന്ന് തോന്നുമ്പോഴും വാങ്ങാന്‍ കഴിയുമ്പോഴും ഞാനത് വാങ്ങണം. അതുപോലെ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്നു തോന്നിയപ്പോള്‍ അതു ചെയ്തു. സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാകില്ലായിരിക്കാം. പക്ഷേ, യുക്തിക്കനുസരിച്ച് ജീവിച്ചാല്‍ 10 വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ചെയ്യണമെന്നാഗ്രഹിച്ചതെല്ലാം ചെയ്യാന്‍ പറ്റിയിട്ടുണ്ടാകില്ല'', പൃഥ്വിരാജ് പറയുന്നു.

Content Highlights : Prithviraj reveals why he bought Lamborghini Prithviraj Lucifer Movie Mohanlal Murali Gopi