ബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരുടെ പോര്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് അഭിപ്രായം തുറന്ന് പറഞ്ഞത്. 

ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാമെന്നും അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ എന്നും പൃഥ്വി ചോദിച്ചു

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒട്ടനവധിപേരാണ് അഭിപ്രായവുമായി രംഗത്തെത്തിയത്. ഒരുവിഭാഗം ശക്തമായി പൃഥ്വിരാജിനെ എതിര്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിനിടയില്‍ ഇവര്‍ പരസ്പരം പോരടിക്കുന്നുമുണ്ട്. 'ഒരുപാട് ഇഷ്ടമായിരുന്നു എന്നാല്‍ ഒരു ദിവസം കൊണ്ട് വെറുത്തു പോയി. ഇനി ഒരു സിനിമ പോലും കാണില്ല'- ഒരു ആരാധിക കമന്റ് ചെയ്തു. 

വിശ്വാസികളെ പിന്തുണച്ച പൃഥ്വിരാജിന്റെ എല്ലാ സിനിമകളും ഇനി മുതല്‍ കാണുമെന്ന് പറയുന്നവരും ഈ കൂട്ടത്തിലുണ്ട്.

1

പൃഥ്വി പറഞ്ഞ വാക്കുകള്‍

പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം മുതല്‍ക്കേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അതു തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്, വീട്ടില്‍ പൂജാ മുറിയിലും പ്രാര്‍ഥിക്കാറുമുണ്ട്. പള്ളികളിലും പോകും. 

ശബരിമലയില്‍ ദര്‍ശനത്തിനായി പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ എനിക്ക് ഒന്നേ പറയാനുള്ളൂ... നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ... അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.