വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗിലിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

"എല്ലാ വിജയ് ആരാധകരും അറിയാന്‍... അറ്റലീയുടെ സംവിധാനത്തില്‍ ഒരേയൊരു ദളപതി വിജയ് അഭിനയിച്ച ബിഗില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് ഈ ദീപാവലിക്ക് കേരളത്തിലെത്തിക്കുന്നു.."പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ 125 കേന്ദ്രങ്ങളിലധികം റിലീസ് ചെയ്യാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. കേരളത്തിലെ ആരാധകരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന തമിഴ് താരമാണ് വിജയ്. അതിനാല്‍ തന്നെ സ്‌ക്രീനുകളുടെ എണ്ണം കുറഞ്ഞതില്‍ പ്രതിഷേധിച്ചും കൂട്ടണമെന്ന് ആവശ്യപ്പെട്ടും പൃഥ്വിരാജിന്റെ പേജില്‍ ആരാധകരുടെ ബഹളമാണ്.

നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ചിന്റെ കഥാപാത്രമാണ് ഒന്ന്. 16 പെണ്‍കുട്ടികള്‍  ഉള്‍പ്പെടുന്ന ഫുട്‌ബോള്‍  ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍  ട്രെയ്‌നിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണിത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം ദളപതി 63 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിജയിന്റെ 63-ാമത് ചിത്രമാണ് ഇത്.

ആദ്യമായിട്ടാണ് വിജയ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി തയ്യാറെടുക്കുന്നത്. വിവേകും യോഗി ബാബുവുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെര്‍സല്‍ സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍  റഹ്മാന്‍ വീണ്ടും ഒരു വിജയ് ചിത്രത്തിന് ഈണമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 

Content Highlights : Prithviraj Productions And Magic Frames To Distribute Bigil in Kerala Bigil Vijay Atlee