ലയാളത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് വിസ്മയങ്ങള്‍ തീര്‍ത്ത ഒരാള്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയിലൂടെ ഒരിക്കല്‍ കൂടി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുകയാണ്. നേരത്തേ ചില സിനിമകളില്‍ അതിഥി വേഷങ്ങളില്‍ ഫാസില്‍ എത്തിയിട്ടുണ്ടെങ്കിലും ലൂസിഫറില്‍ ഒരു പ്രധാനകഥാപാത്രത്തെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഫാദര്‍ നെടുമ്പള്ളി എന്ന പുരോഹിതനായാണ് ഫാസില്‍ ചിത്രത്തില്‍ എത്തുന്നത്.

ഫാസില്‍ ഒരു മികച്ച നടനാണെന്ന് താന്‍ മനസ്സിലാക്കുന്നത് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്ന് പൃഥ്വിരാജ് പറയുന്നു. ലൂസിഫറിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫാസില്‍ എന്നല്ല പാച്ചിക്ക എന്നാണ് അടുപ്പമുള്ളവരെല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പ് ഒരിക്കല്‍ അമ്മ പറഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്. എന്നെ കണ്ടപ്പോള്‍ പാച്ചിക്ക അമ്മയോട് പറഞ്ഞു, എനിക്ക് ഇവനെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യണം. അങ്ങനെ പാച്ചിക്ക പറഞ്ഞതു പോലെ ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റിന് ചെന്നു. എനിക്കൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. 

സീന്‍ എടുക്കുന്നതിന് മുന്‍പ് പാച്ചിക്ക ഞങ്ങള്‍ക്ക് എങ്ങനെ അഭിനയിക്കണമെന്ന് വിവരിച്ച് നല്‍കി. ആദ്യം എനിക്ക് പറഞ്ഞു തന്നു. തൊട്ടു പിന്നാലെ ആ പെണ്‍കുട്ടിയ്ക്കും. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഒരു സ്ത്രീ എങ്ങിനെയാണോ ആ ശരീരഭാഷ ഉള്‍ക്കൊണ്ടാണ് അദ്ദേഹം കാര്യങ്ങള്‍ കൃത്യമായി വിവരിക്കുന്നത്. അന്നേ എനിക്ക് മനസ്സിലായി അദ്ദേഹം ഒരു മികച്ച നടനും കൂടിയാണെന്ന്. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്ന ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, അവരാണ് അസിന്‍ തോട്ടുങ്കല്‍.

ലൂസിഫറില്‍ അഭിനയിക്കണമെന്ന് പറയാന്‍ ഞാന്‍ പാച്ചിക്കയെ നേരില്‍ പോയി കണ്ടു. ഫോണിലൂടെ പറയാന്‍ എനിക്ക് ഭയമായിരുന്നു. അദ്ദേഹം നോ പറഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ. നേരില്‍ കണ്ടപ്പോള്‍ പാച്ചിക്കയോട് പറഞ്ഞു, അഭിനയിക്കണം, പറ്റില്ലെന്ന് മാത്രം പറയരുത്. അങ്ങനെയാണ് അദ്ദേഹം ലൂസിഫറില്‍ എത്തുന്നത്- പൃഥ്വിരാജ് പറഞ്ഞു.

Content Highlights: prithviraj sukumaran on lucifer movie, director fazil character, first screen test with asin thottumkal