ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലായിരുന്ന പൃഥ്വിരാജും സംഘവും കഴിഞ്ഞ വെള്ളിയാഴ്ച്ച നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഷൂട്ട് പൂര്‍ത്തീകരിച്ചിട്ടും ലോക്ഡൗണിനെത്തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു അവര്‍. സിനിമയ്ക്കായി ഡയറ്റും മറ്റും ചെയ്ത് ശരീരം ക്ഷീണിപ്പിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് പൃഥ്വി. ഷൂട്ടിന്റെ അവസാന ദിവസം തന്റെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വണ്ണം കുറഞ്ഞിരുന്നുവെന്നു പറയുകയാണ് ഇപ്പോള്‍ നടന്‍. എന്നാല്‍ കൃത്യമായ വ്യായാമത്തിലൂടെ തന്റെ ശരീരത്തെ പൂര്‍വസ്ഥിതിയലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണെന്നും നടന്‍ പറയുന്നു.

'ആടുജീവിതത്തിന്റെ ഭാഗമായുള്ള അവസാന രംഗങ്ങള്‍ കൂടി ഷൂട്ട് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. നഗ്നമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള രംഗങ്ങളായിരുന്നു അവ. ഷൂട്ടിന്റെ അവസാന ദിവസം എന്റെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വണ്ണം കുറഞ്ഞു. അതിനു ശേഷം ഒരുമാസത്തെ കഠിനപ്രയത്‌നം കൊണ്ട് ദാ ഇപ്പോള്‍ ഈ കാണുന്ന പരുവത്തിലെത്തി. എന്റെ ആ മെലിഞ്ഞു ശോഷിച്ച രൂപം കണ്ടിട്ടുള്ള ക്രൂ അംഗങ്ങള്‍ക്ക് അത്ഭുതമാകും ഇപ്പോഴുള്ള എന്നെ കണ്ടാല്‍. ആ ദിവസത്തിനു ശേഷം എന്റെ ശരീരവും ആരോഗ്യവും പൂര്‍വസ്ഥിതിയിലാവും വരെ കാത്തിരുന്ന എന്റെ ട്രെയ്‌നര്‍ അജിത് ബാബുവിനും ഷൂട്ട് അതിനനുസരിച്ച് പ്ലാന്‍ ചെയ്തതിന് ബ്ലെസി ചേട്ടനും ഒരുപാട് നന്ദി.. ഓര്‍മ്മിക്കുക.. മനുഷ്യശരീരത്തിന് പരിമിതികളുണ്ട്. മനുഷ്യമനസ്സിനില്ലല്ലോ.'

നടന്‍ ദുല്‍ഖര്‍ സല്‍മാനെ ടാഗ് ചെയ്തുകൊണ്ടാണ് പൃഥ്വിയുടെ പോസ്റ്റ്. അഭിനേതാക്കളായ ദുല്‍ഖറും ആന്‍സണ്‍ പോളും അനുമോളും അങ്ങ് ബോളിവുഡില്‍ വരെയും ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് താരങ്ങള്‍ വര്‍ക്ക് ഔട്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. 

രണ്ടരമാസത്തോളമായി ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയായിരുന്ന ആടുജീവിതം സംഘം വെള്ളിയാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമുള്‍പ്പെടെ 58 പേരാണ് സംഘത്തിലുണ്ടായിരുന്നത്. 

Content Highlights : Prithviraj new look with beard viral trained body aadujeevitham movie blessy