താന്‍ നായകനായി അഭിനയിച്ച 'രണം' വിജയമായില്ലെന്ന പൃഥ്വിരാജിന്റെ പരസ്യ പരാമര്‍ശത്തെ വിമര്‍ശിച്ച് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റഹ്മാന്‍ രംഗത്ത്. മറ്റൊരു ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലായിരുന്നു പൃഥ്വിരാജിന്റെ പരാമര്‍ശം.  'എന്റെ ഹൃദയം പറയുന്നത് കുറച്ചുകാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം എന്നാണ്. അങ്ങനെ ചെയ്യുമ്പോള്‍, 'കൂടെ' പോലുള്ള സിനിമകള്‍ വിജയമാകും. 'രണം' പോലുള്ള സിനിമകള്‍ വിജയിച്ചെന്നു വരില്ല. ഒരു പത്തു വര്‍ഷം കഴിഞ്ഞ് വ്യത്യസ്തമായ സിനിമകള്‍ക്കു വേണ്ടി ശ്രമിച്ചില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്കു തന്നെ സങ്കടമാകും. പൃഥ്വി പറഞ്ഞു. 

എന്നാല്‍ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. തീയേറ്ററുകളില്‍ ഇപ്പോഴും തുടരുന്ന ചിത്രം പരാജയമാണെന്ന് അതിലെ നായകന്‍ തന്നെ പറഞ്ഞതിന് വിമര്‍ശനവുമുണ്ടായി. പിന്നാലെയാണ് ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റഹ്മാന്‍ മറുപടിയുമായി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പൃഥ്വിരാജിനെ പേരെടുത്ത് പറയാതെയുള്ള റഹ്മാന്റെ പ്രതികരണം. 1986 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'രാജാവിന്റെ മകനി'ലെ ഹിറ്റ് ഡയലോഗിനെ കൂട്ടുപിടിച്ചാണ് റഹ്മാന്റെ പ്രതികരണം.

റഹ്മാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

'ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.

ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു.... അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് 'രണ'മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍.... അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാന്‍ പിടയും..

rahan

prithviraj movie ranam actor rahman in ranam against prithviraj ranam new movie