പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മോഹന്‍ലാലാണ് നായകന്‍.

സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. 'സാധാരണയായി വര്‍ഷാവസാനം കുടുംബത്തോടൊപ്പം യാത്ര പോവുകയാണ് പതിവ്. ഇക്കുറിയും യാത്രയില്‍ തന്നെയാണ്. ചില പ്രത്യേക ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ നാട്ടില്‍ വന്നത്. പുതുവര്‍ഷാശംസകള്‍ നേരുന്നതിന് പുറമെ ഒരു സുപ്രധാനമായ സര്‍പ്രൈസ് പ്രഖ്യാപനം നടത്താനുമുണ്ട്. അതിനാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്'-പൃഥ്വി പറഞ്ഞു.

'ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വര്‍ക്കുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലക്ഷദ്വീപിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് ഇപ്പോള്‍ പോകാന്‍ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരി മധ്യത്തോടെ അത് പൂര്‍ത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌'-വിമാനത്താവളത്തില്‍ വച്ചു നടത്തിയ ലൈവില്‍ പൃഥ്വി പറഞ്ഞു.

താന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ നയന്റെ ചിത്രീകരണവും പൂര്‍ത്തിയായതായി പൃഥ്വിരാജ് പറഞ്ഞു. ഫെബ്രുവരിയിലാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും-പൃഥ്വി പറഞ്ഞു.

100 ഡെയ്‌സ് ഓഫ് ലവ് സംവിധാനം ചെയ്ത ജനൂസ് മുഹമ്മദാണ് ഈ സയന്‍സ് ഫിക്ഷന്‍ ഹൊറന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. വാമിഖ ഗബ്ബിയും മംമ്ത മോഹന്‍ദാസുമാണ് നായികമാര്‍. പ്രകാശ്‌രാജും ഒരു സുപ്രധാന റോളിലെത്തുന്നുണ്ട്.

Content Highlights: Prithviraj Mohanlal Lucifer Nine New Malayalam Movie Lakshadweep