അരുന്ധതി: സ്റ്റീഫന്‍ ഷര്‍ട്ടില്‍ ചോര
സ്റ്റീഫന്‍ നെടുമ്പള്ളി:(ചോര പതിഞ്ഞ ഷര്‍ട്ടിലേക്ക് നോക്കികൊണ്ട്) കൃഷിക്കാരനല്ലേ.., ചെറിയൊരു കള പറിക്കാനുണ്ടായിരുന്നു.

വിഷുക്കാലം ആഘോഷമാക്കാനെത്തിയ മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. പ്രേക്ഷകനില്‍ ആവേശം സൃഷ്ടിക്കുന്ന മാസ് സീനുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തില്‍ നായകനായ മോഹന്‍ലാല്‍ മുതല്‍ ചുരുക്കം രംഗങ്ങളില്‍ വന്നുപോകുന്ന അഭിനേതാക്കളെ വരെ ശക്തമായ അവതരിപ്പിക്കാന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.

മനോഹരമായ ഫ്രെയ്മുകളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരളത്തിലെ മലയോര ഗ്രാമം മുതല്‍ റഷ്യയിലെ  മഞ്ഞുവീഴ്ന്ന കാഴ്ച്ചകള്‍ വരെ ലൂസിഫറിനുവേണ്ടി  പകര്‍ത്തിയിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിലെ അതികായകനായ പി.കെ. രാംദാസ് എന്ന നേതാവിന്റെ മരണവും അതിനെ തുടര്‍ന്ന് അധികാരം പിടിക്കാനായി പിന്തുടര്‍ച്ചക്കാര്‍ നടത്തുന്ന വടംവലിയിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. സിനിമയുടെ ഓരോ രംഗത്തും മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വിധം ഭംഗിയായി തന്നെ നിര്‍ത്തുന്നുണ്ട് സിനിമ. നെടുങ്കന്‍ ഡയലോഗുകള്‍ക്ക് കൂടൂതല്‍ പ്രാധാന്യം നല്‍കാതെ ലാല്‍ മാനറിസത്തിലൂടെതന്നെ തീയേറ്ററില്‍ ആരവം സൃഷ്ടിക്കുന്ന ചെറുസംഭാഷണങ്ങള്‍ ചിത്രത്തില്‍ പലയിടത്തും കാണാം.

കഥയില്‍  അണിനിരന്ന കഥാപാത്രങ്ങളെല്ലാം  ശക്തമാണ്. മഞ്ജുവാര്യരുടെ പ്രിയദര്‍ശിനി രംദാസിന്  വൈകാരിക രംഗങ്ങള്‍ ഏറെ അവതരിപ്പിക്കാനുണ്ട്. രാഷ്ട്രീയക്കാരനും പ്രിയദര്‍ശിനി രാംദാസിന്റെ സഹോദരനുമായെത്തിയ ടൊവിനോയുടെ ജതിന്‍ രാംദാസിന് കയ്യടിനേടുന്ന രംഗങ്ങള്‍ ഏറെയുണ്ട്. വില്ലന്‍ വേഷത്തിലെത്തിയ വിവേക് ഒബ്‌റോയിയുടെ ബോബി, ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധനന്‍ തുടങ്ങി എല്ലാവരും നിറഞ്ഞാടുന്നുണ്ട് ലൂസിഫറില്‍.

ലൂസിഫറിനെകുറിച്ച് സംസാരിക്കുന്ന വേളയിലെല്ലാം  സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞത് താന്‍ തികഞ്ഞ മോഹന്‍ലാല്‍ ആരാധകനാണ് എന്നാണ്. അക്ഷരാര്‍ത്ഥത്തില്‍  ആ കമന്റ് ശരിവക്കുന്നതാണ് ചിത്രം, മോഹന്‍ലാലില്‍നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നപോലൊരു ചിത്രമായിട്ടാണ് ലൂസിഫര്‍ തീയേറ്ററുകളിലെത്തിയത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി പൃഥ്വിയുടെ സയ്ദ് മസൂദ് കൂടി എത്തുന്നതോടെ ആരാധകരെ അക്ഷരാര്‍ഥത്തില്‍ വിരുന്നൂട്ടുകയാണ് ലൂസിഫര്‍. രാജാവ് ഒന്നേയുള്ളൂ എന്ന ഡയലോഗിലാണ് സിനിമ അവസാനിക്കുന്നത്. 

മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ മാനറിസങ്ങള്‍ കൊണ്ടാടുന്ന മാസ് ചിത്രം. ഒരു പക്ഷേ, പുലിമുരുകന് ശേഷം ഫാന്‍സിന്റെ മനം നിറച്ച ചിത്രം. മാധ്യമരംഗവും രാഷ്ട്രീയരംഗവും അതിലെ അന്തര്‍നാടകങ്ങളും ഭരണപക്ഷവും പ്രതിപക്ഷവും അവര്‍ക്കിടയിലെ അന്തര്‍ധാരകളും ചേര്‍ത്തുവെച്ച് രാഷ്ട്രീയമാണ് ഏറ്റവും വലിയ നാടകവേദിയെന്ന് സിനിമ പറയുന്നു. കംപ്ലീറ്റ് ആക്ടറുടെ മേല്‍വിലാസം പേറുന്ന കംപ്ലീറ്റ് പൊളിറ്റിക്കല്‍ ത്രില്ലറാണ് ലൂസിഫര്‍ എന്ന വിഷുക്കാഴ്ച. സുജിത് വാസുദേവിന്റെ വിഷ്വലുകളും ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡ് നിലനിര്‍ത്തുന്ന ഹൈലൈറ്റുകളാണ്.

അവതാരപ്പിറവികളുടെ മുഴുവന്‍ രൗദ്രഭാവവും ആവാഹിച്ച ഈ മൂര്‍ത്തിക്ക് ഇപ്പോള്‍ പേര് 'ലൂസിഫര്‍' എന്നാണ്‌

Content Highlights : Prithviraj Mohanlal Lucifer Movie Review Response Lucifer Mojhanlal Manju Indrajith Vivek oberoi