'നാളത്തെ തലമുറയെ വഴിതെറ്റിക്കുന്ന നാര്‍ക്കോട്ടിക്സ് (ലഹരി) കച്ചവടത്തിന് അന്നും ഇന്നും ഞാന്‍ എതിരാണ്'- തീയേറ്ററില്‍ ആര്‍പ്പുവിളികള്‍ തീര്‍ത്ത സാഗര്‍ ഏലിയാസ് ജാക്കിയുടെ ഉശിരന്‍ ഡയലോഗ്  സ്റ്റീഫന്‍ നെടുമ്പള്ളിയുടെ നാവിലൂടെ ഒരിക്കല്‍ കൂടി പുനര്‍ജനിച്ചു.

രാഷ്ട്രീയവും ലഹരിമാഫിയയും ഇടകലര്‍ന്ന് ഒഴുകുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല ചിത്രം കാണിച്ചുതരുന്ന സിനിമയാണ് ലൂസിഫര്‍. രാഷ്ടീയത്തിലേക്ക് പണം ഒഴുക്കാന്‍ ലഹരിമാഫിയയെ കൂട്ടുപിടിക്കുന്ന കഥാപാത്രങ്ങളുടെ നേരെയാണ് സ്റ്റീഫന്‍ നെടുമ്പള്ളി ഒരിക്കല്‍കൂടി ജാക്കിയുടെ തത്ത്വശാസ്ത്രം പുറത്തെടുക്കുന്നത്. പഴയകാല സിനിമയിലെ സംഭാഷണം പുതുതലമുറയും കയ്യടികളോടെയാണ് സ്വീകരിക്കുന്നത്.

മോഹന്‍ലാലിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് സ്വര്‍ണക്കള്ളക്കടത്ത് ചെയ്യുകയും എന്നാല്‍  ലഹരി കച്ചവടത്തെ ഏതിര്‍ക്കുകയും ചെയ്യുന്ന ജാക്കി. ലൂസിഫറില്‍ ഇന്‍ട്രൊഡക്ഷന്‍ സീന്‍ മാത്രമല്ല മോഹന്‍ലാല്‍ എത്തുന്ന ഒരോ രംഗവും മാസ് പരിവേഷത്തോടെയാണ് സംവിധായകന്‍ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.

ആക്ഷനും ഉശിരന്‍ സംഭാഷണങ്ങള്‍കൊണ്ടും സമ്പന്നമാണ് ലൂസിഫര്‍. സിനിമയുടെ ക്ലൈമാക്സില്‍ സ്റ്റീഫന്‍ നെടുമ്പളളി പറയുന്ന ''അന്നും ഇന്നും ഞാനാണ് രാജാവ്, ഒരേയൊരു രാജാവ് ''- എന്ന ഡയലോഗ് ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ആക്ഷന്‍ രംഗങ്ങളിലും വൈകാരികരംഗങ്ങളിലും ഒരുപോലെ തിളങ്ങുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍  കാണുന്നത്. ലാല്‍ മാനറിസങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ചിത്രത്തില്‍ കൊണ്ടുവരാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. അനാഥഭൂതകാലത്തില്‍ നിന്ന് ഏറ്റവും ശക്തനായി വര്‍ത്തമാന കാലത്തേക്ക് നടന്നുകയറിയ  സ്റ്റീഫന്‍ നെടുമ്പളി ഒരു നിഗൂഡതയായി ലൂസിഫറില്‍ നിറഞ്ഞുനില്‍ക്കുന്നു.

Content Highlights : Prithviraj Mohanlal Lucifer Movie Review Murali Gopi Manju Warrier Tovino Indrajith Mohanlal Lucifer