മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രം ഉപേക്ഷിച്ചു എന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് ആന്റണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജ് ഉടന്‍ തുടങ്ങുമെന്നും ആന്റണി പറഞ്ഞു.

പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിന്റെ തിരക്കഥാ രചന നിര്‍വഹിക്കുന്നത് നടന്‍ മുരളി ഗോപിയാണ്.

ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'പിയപ്പെട്ടവരേ,
ആശീര്‍വാദ് സിനിമാസിന്റെ സ്വപ്ന സംരംഭം എന്ന നിലയില്‍ ഞാന്‍ കാണുന്ന ഒരു പ്രൊജക്റ്റാണ് മുരളി ഗോപി എഴുതി, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ 'ലൂസിഫര്‍'. ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ സൈറ്റ് എന്റെ ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ്. വസ്തുതാ വിരുദ്ധമായ 'വാര്‍ത്ത'യും പച്ചക്കളവും കൈകോര്‍ക്കുന്ന കാഴ്ചയാണ് ഈ സൈറ്റില്‍ ഞാന്‍ കണ്ടത്. ദയവു ചെയ്തു നിങ്ങളാരും ഇത്തരം പാഴ്പ്രചരണങ്ങളില്‍ വീഴാതിരിക്കുക. 'ലൂസിഫറി'ന്റെ ഷൂട്ടിംഗ് 2017 ല്‍ ഉണ്ടാകും. 'ലൂസിഫര്‍' ഒഫീഷ്യല്‍ പേജ് ഉടന്‍ തുടങ്ങുന്നതായിരിക്കും.' 
സ്‌നേഹത്തോടെ,
ആന്റണി