ലോകശ്രദ്ധ പിടിച്ചുപറ്റിയ മലയാളസിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ ചിത്രം റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തി, ഈ നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായി റെക്കോര്‍ഡിട്ടിരുന്നു.

മുരളീഗോപി തിരക്കഥ ഒരുക്കി ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ലൂസിഫറിന് രണ്ടാം ഭാഗമുണ്ടായേക്കുമെന്ന് ചിത്രം റിലീസ് ചെയ്ത അന്നു മുതല്‍ പ്രചരിക്കുന്നുണ്ട്. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മുരളി ഗോപി ഇനിയും ചിലത് വരാനുണ്ടെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുരളി ഗോപി പറഞ്ഞ കാര്യം ശരിവച്ച് പൃഥ്വിരാജും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. ഇരുവരും ചേര്‍ന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്ന് ഇത് സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ മനസ്സിലാക്കിയത്. ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് പൃഥ്വി ഇപ്പോള്‍ വീണ്ടുമൊരു പോസ്റ്റുമായി രംഗത്തു വരികയാണ്. ലൂസിഫറിലെ എല്‍ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്റെ അനൗണ്‍സ്‌മെന്റ് നാളെ(ചൊവ്വാഴ്ച്ച)യെന്നുമാണ് പൃഥ്വിയുടെ പോസ്റ്റ്. ചൊവ്വാഴ്ച്ച വൈകീട്ട് ആറ് മണിക്കാണ് പ്രഖ്യാപനമെന്ന പൃഥ്വിയുടെ ത്രില്ലടിപ്പിക്കുന്ന സസ്‌പെന്‍സ് പോസ്റ്റ് കണ്ട് ആരാധകര്‍ ആകാംക്ഷാഭരിതരായിരിക്കുകയാണ്. മോഹന്‍ലാലും മഞ്ജു വാര്യരും മുരളീ ഗോപിയും ഈ പോസ്റ്റ് അവരവരുടെ ഔദ്യോഗിക പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗമുണ്ടെന്ന പ്രഖ്യാപനമാണോ എന്നറിയാന്‍ സോഷ്യല്‍മീഡിയയില്‍ തിടുക്കം കൂട്ടുകയാണ് ആരാധകര്‍.

lucifer

Content Highlights : Lucifer finale announcement, Lucifer second part, Prithviraj Sukumaran, Mohanlal, Murali Gopy, Ashirvad Cinemas