ഷാരുഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്നുണ്ടായ തിരക്കു കാരണം ഫെയ്‌സ്ബുക്ക് ലൈവിലെത്താന്‍ വൈകിയെന്ന് പൃഥ്വിരാജ്. തന്റെ പുതിയ സിനിമയായ 9നെ കുറിച്ച് സംസാരിക്കാന്‍ മുബൈയിലെ ഫെയ്‌സ്ബുക്ക് ഓഫീസില്‍ എത്തിയതായിരുന്നു പൃഥ്വിരാജ്. 

നേരത്തെ പറഞ്ഞ് വെച്ചതില്‍ നിന്നും കുറച്ചു സമയം വൈകിയാണ് പൃഥ്വിരാജ് ലൈവിനെത്തിയത്. താന്‍ താമസിച്ച ഫ്ലാറ്റിന് എതിർവശത്താണ് ഷാരൂഖിന്റെ വീടെന്നും ഷാരുഖിന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഉണ്ടായ തിരക്കുകാരണമാണ് വൈകിയതെന്ന്‌ ഹാസ്യരൂപേണ പൃഥ്വിരാജ് പറഞ്ഞു. ഷാരൂഖിന് പിറന്നാള്‍ ആശംസിക്കാനും പൃഥ്വി മറന്നില്ല.

ഒരച്ചന്റെയും മകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായ 9 ഒരു ആഗോള ഇവന്റിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. കൂടാതെ ഒരു സയന്‍സ് ഹൊറര്‍ ചിത്രം കൂടിയായിരിക്കും ഇതെന്ന് പൃഥ്വി പറയുന്നു.

ചില സാങ്കേതിക കാരണങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് 2019 ഫെബ്രുവരി എഴിലേക്ക് മാറ്റിയ വിവരവും പൃഥ്വി അറിയിച്ചു. അതേ സമയം ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ഡിസംബറില്‍ ഉണ്ടാവുമെന്നും പൃഥ്വി പറഞ്ഞു.

ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ പറ്റിയും പൃഥ്വി ലൈവില്‍ സംസാരിച്ചു. ഷൂട്ടിങ്ങ് പൂരോഗമിക്കുകയാണെന്നും ലാലേട്ടനൊപ്പം സിനിമ ചെയ്യുന്നതില്‍ വളരെയധികം സന്തുഷ്ടനാണെന്നും പൃഥ്വി പറഞ്ഞു.

ആടു ജീവിതം തത്ക്കാലം നിര്‍ത്തിവെച്ചിരിക്കയാണെന്നും ലൂസിഫറിനു ശേഷം ഷൂട്ടിങ്ങ് തുടങ്ങുമെന്നും പൃഥ്വി അറിയിച്ചു.

ജനൂസ് മുഹമ്മദാണ് നയന്‍ സംവിധാനം ചെയ്യുന്നത്. വാമിഖ ഖബ്ബി, മമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ContentHighlights: 9 malayalam movie, prithviraj about sharukh khan, prithviraj facebook live