പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ വിജയാഘോഷങ്ങള്‍ അവസാനിക്കും മുമ്പേ വന്ന മറ്റൊരു വാര്‍ത്ത കൂടി വന്നിരുന്നു. എമ്പുരാന്‍ 2 എന്ന പേരില്‍ ചിത്രത്തിനൊരു രണ്ടാംഭാഗമുണ്ടെന്നും മുരളീഗോപി തന്നെയായിരിക്കും തിരക്കഥ രചിക്കുക എന്നുമറിഞ്ഞപ്പോള്‍ മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ ചിത്രങ്ങളുടെ തിരക്കുകളിലും ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ആലോചനകളില്‍ സംവിധായകനും തിരക്കഥാകൃത്തും ഇടയ്ക്കിടെ മുഴുകാറുണ്ട്. അത്തരമൊരു കൂടിക്കാഴ്ച്ചയുടെ ചിത്രം പൃഥ്വി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 

ചിത്രത്തില്‍ പൃഥ്വിയുടെ കണ്ണുകള്‍ വികസിച്ചിരിക്കുന്നുണ്ട്. അതിന് പൃഥ്വി തന്നെ നല്‍കുന്ന വിശദീകരണമാണ് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. 

'എഴുത്തുകാരുടെ പണിപ്പുരയില്‍നിന്ന്.. എന്റെ കണ്ണുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നത് കണ്ടോ? ഇങ്ങേരിപ്പൊ പറഞ്ഞത് ഞാനെങ്ങനെ ഷൂട്ട് ചെയ്യുമെന്ന അന്താളിപ്പാണത്.. ' പൃഥ്വി കുറിച്ചു.

ലൂസിഫറില്‍ കണ്ട കഥയുടെ കേവല തുടര്‍ച്ചമാത്രമായിരിക്കില്ല പുതിയചിത്രമെന്ന് സംവിധായകന്‍ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിനോടകം കണ്ടതും അറിഞ്ഞതുമായ കഥയുടെ മുന്‍പു നടന്ന കഥയും അതിന്റെ തുടര്‍ക്കഥയും ചേര്‍ത്തുവെച്ചാകും രണ്ടാംഭാഗം ഒരുക്കുക. ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനുമുന്‍പുതന്നെ അവതരിപ്പിച്ച കഥയുടെ മുന്‍പും പിന്‍പും സംഭവിച്ചതെന്തായിരിക്കുമെന്നതിനക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. താരതമ്യേന ലൂസിഫറിനെക്കാള്‍ വലിയ സിനിമയായിരിക്കും എമ്പുരാന്‍. 2020 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

ആദ്യ ചിത്രത്തിന് ലഭിച്ച മിന്നും വിജയം തന്നെയാണ് രണ്ടാംഭാഗത്തിനായുള്ള ചുവടുവെപ്പിന് കരുത്തുനല്‍കുന്നത്. വലിയ കാന്‍വാസില്‍ പറയേണ്ട കഥയാണ് മനസ്സില്‍ കണ്ട ചിത്രമെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്. ഒരു സിനിമ നല്‍കുന്ന സമയപരിധിയില്‍ ഒതുക്കിനിര്‍ത്താനാകാത്ത കഥയായതിനാല്‍ സീക്വന്‍സുകളായി ഓണ്‍ലൈന്‍ ചാനല്‍വഴി അവതരിപ്പിക്കാനായിരുന്നു തുടക്കത്തില്‍ ഉദ്ദേശിച്ചത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഐസ് മലയുടെ മുകള്‍ഭാഗം മാത്രമാണ് ലൂസിഫര്‍. അവതരിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ ഇനി വരാനുണ്ട്. വിജയചിത്രത്തിന്റെ തുടര്‍ച്ച രചിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍, ലൂസിഫര്‍ ചിത്രീകരിക്കുമ്പോള്‍ തന്നെ രണ്ടാംഭാഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു, അതുകൊണ്ടുതന്നെ കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ് -മുരളി ഗോപി വിശദീകരിച്ചു.
Content Highlights : prithviraj and murali gopy discussions on lucifer movie second part fb post