നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അനിലിന്റെ കരിയറിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ്. ആ വേഷം അദ്ദേഹത്തിന് നൽകിയ സംവിധായകൻ സച്ചിയുടെ ജന്മദിനത്തിന്റെയന്നാണ് അനിലിന്റെ വേർപാടെന്നത് യാദൃശ്ചികം. 

ഇപ്പോഴിതാ അനിലിനെയും സച്ചിയെയും ഓർമിക്കുകയാണ് നടൻ പൃഥ്വിരാജ്. അയ്യപ്പനും കോശിയും സെറ്റിൽ നിന്നും പകർത്തിയ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സച്ചിക്ക് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വി. 

"ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാവുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു സച്ചി", എന്നാണ് പൃഥ്വി കുറിച്ചത്.

ഒന്നും തന്നെ പറയാനില്ല എന്നാണ് അനിലിന് ആത്മശാന്തി നേർന്നുകൊണ്ട് മരണ വാർത്തയറിഞ്ഞയുടനേ പൃഥ്വി കുറിപ്പ് പങ്കുവച്ചത്. 

സുഹൃത്തുക്കൾക്കൊപ്പം തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെട്ടാണ് അനിലിന്റെ അന്ത്യം സംഭവിക്കുന്നത്. ജോജു ജോർജ്ജ് നായകനായ 'പീസ്' സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളയിൽ തൊട്ടടുത്തുള്ള ഡാമിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയമാണ് കയത്തിൽപ്പെട്ടത്.

Content Highlights : Prithviraj About Sachy and Anil nedumangad Ayyappanum Koshiyum Movie