
Bro Daddy Poster
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെ ജനുവരി 26ന് ചിത്രം പ്രേക്ഷകരിലേക്കെത്തുന്ന വേളയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. ആകസ്മികമായി സംവിധായകനായ വ്യക്തിയാണ് താനെന്നും തന്നിൽ വിശ്വസിച്ച മോഹൻലാലിനോടും ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനോടും കടപ്പെട്ടിരിക്കുന്നതായും പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ചു.
പൃഥ്വിയുടെ കുറിപ്പ്
ഒന്നിലധികം കാരണങ്ങൾ കൊണ്ട് ഞാൻ ആകസ്മികമായി സംവിധായകനായ വ്യക്തിയാണ്. എനിക്ക് സ്വന്തമായി സിനിമകൾ ചെയ്യാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ലൂസിഫറിനെ ഞാൻ നയിക്കണമെന്ന് മുരളിഗോപി കരുതിയതുകൊണ്ടാണ് എന്റെ ആദ്യ സംവിധാന സംരംഭം സംഭവിച്ചത്. മറ്റാരേക്കാളും എന്നെ അദ്ദേഹം വിശ്വസിച്ചു. സമാനമായി, ഞങ്ങളുടെ സുഹൃത്തായ വിവേക് രാമദേവൻ വഴി ശ്രീജിത്തും ബിബിനും ബ്രോഡാഡിയുടെ തിരക്കഥയുമായി എന്റെ അടുത്തെത്തി. ഈ പ്രോജക്റ്റിന് പറ്റിയ വ്യക്തി ഞാനാണെന്ന് അവർ കരുതിയത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല, പക്ഷേ അവർ അങ്ങനെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്!
ഒരു സിനിമ എന്ന നിലയിൽ, ലൂസിഫറിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ബ്രോ ഡാഡി അതാണ് എന്നെ ഇത് സംവിധാനം ചെയ്യാൻ പ്രേരിപ്പിച്ചത്. പൂർണമായും പുനർവിചിന്തനം ചെയ്യാനും ലൂസിഫറിൽ നിന്നും എംമ്പുരാനിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു ചലച്ചിത്ര നിർമ്മാണ ഭാഷ പരീക്ഷിക്കാൻ എനിക്ക് അത് ആവശ്യമായിരുന്നു. എപ്പോഴത്തെ പോലെയും ഇത് എടുക്കുന്നത് വളരെ ആവേശകരമായ റിസ്ക് ആണെന്ന് ഞാൻ കരുതി, ഞാൻ അത് ചെയ്തു!
എല്ലായ്പ്പോഴും എന്നിൽ വിശ്വസിച്ചതിന് ലാലേട്ടനോടും തികഞ്ഞ ബോധ്യത്തോടെ എന്നോടൊപ്പം നിന്നതിന് ആന്റണി പെരുമ്പാവൂരിനോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ടെക്നീഷ്യൻമാർ, അസിസ്റ്റന്റുകൾ, എന്റെ യൂണിറ്റിലെ സുഹൃത്തുക്കൾ, പ്രൊഡക്ഷൻ അംഗങ്ങൾ എല്ലാവർക്കും വലിയ അഭിനന്ദനം. കൂടാതെ, ലൂസിഫറിലെന്നപോലെ, എന്റെ കാഴ്ചപ്പാടിലും എന്നെക്കൊണ്ട് ഇതിന് സാധിക്കുമെന്നും വിശ്വസിച്ച കഴിവുറ്റ അഭിനേതാക്കളെ സംവിധാനം ചെയ്യാൻ സാധിച്ചത് ഒരു അംഗീകാരമായി കാണുന്നു. ബ്രോ ഡാഡി ഒരുക്കുന്നത് ഏറെ രസകരമായിരുന്നു. നിങ്ങൾക്കും അത് ഇഷ്ടമാവുമെന്ന് വിശ്വസിക്കുന്നു. പൃഥ്വിരാജ് കുറിച്ചു.
അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹൻലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്.
കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
ശ്രീജിത്ത് എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.
Content Highlights : Prithviraj about Bro Daddy movie Mohanlal Antony Perumbavoor Murali Gopy Lucifer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..