പൃഥ്വിരാജ് ഇപ്പോൾ ഒരു നടൻ മാത്രമല്ല. വലിയൊരു സിനിമ ഒരുക്കുന്ന സംവിധായകൻ കൂടിയാണ്. നായകനില്‍ നിന്ന് സംവിധായകനിലേക്ക് ചുവടുമാറുന്ന പൃഥ്വിയെ പ്രതീക്ഷയോടെയാണ് മലയാള സിനിമ ഉറ്റുനോക്കുന്നത്. പൃഥ്വിയുടെ സ്വപ്നം പക്ഷേ, മലയാളത്തിനും മീതെ പറക്കുകയാണ്. എന്നെങ്കിലും ബോളിവുഡിൽ ഒരു പടം ഒരുക്കുകയാണെങ്കിൽ അത് അമിതാഭ് ബച്ചനെ വച്ചു വേണം എന്നാണ് പൃഥ്വിയുടെ മോഹം. ഫെയ്​സ്ബുക്ക് ലൈവിൽ പൃഥ്വി തന്നെയാണ് ഈ മോഹം തുറന്നു പറഞ്ഞത്.

ബോളിവുഡില്‍ ഏതു തരത്തിലുള്ള സിനിമയെടുക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്. 
''ബോളിവുഡില്‍ എടുക്കാനായി ഒരു കഥ ഇപ്പോള്‍ എന്റെ പക്കലില്ല. എന്നാല്‍, ബച്ചന്റെ കടുത്ത ആരാധകനാണ് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. എങ്ങനെയെങ്കിലും അദ്ദേഹവുമായി സംസാരിക്കാൻ ഒരു വിദൂര സാഹചര്യമെങ്കിലും ഒത്തുവന്നാൽ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ വച്ചുള്ള ഒരു സിനിമ ചെയ്യും. എല്ലാ ഇന്ത്യക്കാരേയും പോലെ ഞാനും ബച്ചന്റെ മാസ്മരിക വലയത്തിലാണ്. രാജ്യം കണ്ട എറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണ് അമിതാഭ് ബച്ചന്‍''-പൃഥ്വിരാജ് പറഞ്ഞു.

അയ്യാ, ഔറംഗസേബ്, നാം ശബാന എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.

നയന്‍ എന്ന സിനിമയുടെ റിലീസ്. ലൂസിഫര്‍, ആടു ജീവിതം തുടങ്ങി സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ മുബൈയിലെ ഫെയസ്ബുക്ക് ഓഫീസിലെത്തിയാണ് പൃഥ്വി ലൈവില്‍ വന്നത്.

Content Highlights: prithviraj about amithab bachan, prithviraj about bollywood, lucifer, nine, facebook live of prithviraj